കൃഷി, തദ്ദേശ സ്വയംഭരണ വകുപ്പുകൾ പരസ്പര  പൂരകങ്ങളാകണം: മന്ത്രി വി.എസ്. സുനിൽ കുമാർ

ഹരിത കേരളം മിഷൻ മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യങ്ങൾ പൂർണതയിലെത്തുന്നതിന് കൃഷി വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും പരസ്പര പൂരകങ്ങളായി പ്രവർത്തിക്കണമെന്നു കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനായി മില്ലറ്റ് കൃഷി പ്രോത്സാഹിപ്പിക്കാൻ കൃഷി വകുപ്പിന് പഞ്ചായത്തുകൾ പൂർണ സഹകരണം നൽകണമെന്നും മന്ത്രി അഭ്യർഥിച്ചു. നാലാഞ്ചിറ ഗിരിദീപം കൺവൻഷൻ സെന്ററിൽ നവകേരളം കർമപദ്ധതി ശിൽപ്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശുദ്ധജലം, ശുദ്ധവായു, ഭക്ഷണം എന്നിവയുടെ ലഭ്യത ഉറപ്പുവരുത്താൻ പ്രകൃതി മൂലധനത്തെ സംരക്ഷിക്കുകയെന്നതാണു ഹരിത കേരളം മിഷൻ പ്രവർത്തന ലക്ഷ്യമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തിലൂടെയേ ഇതു സാധ്യമാകൂ. തദ്ദേശ സ്ഥാപനങ്ങളാണ്് ഇതിനു മുൻകൈയെടുക്കേണ്ടത്. മുകൾത്തട്ടു മുതൽ താഴേത്തട്ടുവരെ പ്രവൃത്തിപഥത്തിൽ യോജിപ്പുണ്ടാകണം. കൃഷിവകുപ്പിന്റെ പ്രവർത്തനങ്ങൾ കൃഷി വകുപ്പ് മാത്രം മുന്നോട്ടു കൊണ്ടുപോയാൽ യാന്ത്രികമാകും.
2021-22 വർഷം സംസ്ഥാനത്ത് മൂന്നു ലക്ഷം ടൺ നെൽക്കൃഷിയാണു സർക്കാരിന്റെ ലക്ഷ്യം. പച്ചക്കറി ഉത്പാദനത്തിൽ കേരളത്തെ സ്വയംപര്യാപ്തതയിലെത്തിക്കുക എന്നതും പ്രഖ്യാപിത ലക്ഷ്യമാണ്. അടുത്ത വർഷം 12.5 ലക്ഷം പച്ചക്കറി ഉത്പാദനമാണു കൃഷി വകുപ്പ് ലക്ഷ്യമിടുന്നത്. ഇതിനു പുറമേ റാഗി, കൂവരക് തുടങ്ങിയ ചെറു ധാന്യങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള മില്ലറ്റ് കൾട്ടിവേഷൻ പദ്ധതിക്കും കൃഷി വകുപ്പ് തുടക്കമിട്ടിട്ടുണ്ട്. പാലക്കാട് ജില്ലയിൽ ഇതു വിജയകരമായി നടപ്പാക്കുകയാണ്. ഇതു സംസ്ഥാനത്തെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൃഷി വകുപ്പും ഒറ്റക്കെട്ടായി പ്രവർത്തിക്കണം.
നെൽക്കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇരുപ്പൂ കൃഷിക്ക് പ്രാധാന്യം നൽകുന്ന നടപടികളിലേക്കു കൃഷിവകുപ്പ് കടക്കുകയാണ്. ഒരു തവണ കൃഷിചെയ്യുന്നിടത്ത് രണ്ടു തവണ കൃഷി ചെയ്താൽ ഉത്പാദനം ഇരട്ടിയാക്കാം. കുട്ടനാട്ടിൽ 7000 ഹെക്ടർ സ്ഥലത്ത് ഇരുപ്പൂ കൃഷി സാധ്യമായിട്ടുണ്ട്. കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത ഹ്രസ്വകാല നെൽവിത്തുകളും ഉത്പാദനവും കൃഷിയും വർധിപ്പിക്കാൻ സഹായിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
അടുത്ത വർഷം 12.71 ലക്ഷം മെട്രിക് ടൺ 
പച്ചക്കറി ഉത്പാദനം ലക്ഷ്യം
സംസ്ഥാനത്ത് അടുത്ത വർഷം ലക്ഷ്യമിടുന്നത് 12.71 ലക്ഷം മെട്രിക് ടൺ നാടൻ പച്ചക്കറി ഉത്പാദനം. നെൽകൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 2.24 ലക്ഷം ഹെക്ടർ തരിശു നിലത്ത് വിത്തിടും. സംസ്ഥാന സർക്കാരിന്റെ ഹരിത കേരളം മിഷന്റെ ഭാഗമായാണ് നെൽക്കൃഷിയും പച്ചക്കറി ഉത്പാദനവും വർധിപ്പിക്കുന്നതിനുള്ള വിപുലമായ കർമ പദ്ധതി തയാറാക്കുന്നത്. നാലാഞ്ചിറ ഗിരിദീപം കൺവൻഷൻ സെന്ററിൽ നടക്കുന്ന നവകേരളം കർമപദ്ധതി സെമിനാറിൽ കാർഷിക രംഗത്ത് കുതിച്ചുചാട്ടമുണ്ടാക്കുന്ന നിർദേശങ്ങൾ കൃഷി വകുപ്പ് ഡയറക്ടർ ഡോ. പി.കെ. ജയശ്രീ അവതരിപ്പിച്ചു.
പച്ചക്കറി ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി വിത്തുകൾ അടങ്ങിയ കിറ്റുകൾ, പച്ചക്കറി തൈകൾ, ഗ്രോ ബാഗ് എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നൽകും. വിദ്യാർഥികൾക്കിടയിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സ്‌കൂളുകളിലെ പച്ചക്കറി കൃഷിക്കു കൂടുതൽ പ്രോത്സാഹനം നൽകും. കുടുംബശ്രീ പ്രവർത്തകർക്ക് ജൈവ കംപോസ്റ്റ് നിർമാണത്തിൽ പരിശീലനം നൽകും. മട്ടുപ്പാവ് കൃഷി പരിപോഷിപ്പിക്കും. പച്ചക്കറി വിപണനത്തിനായി സംസ്ഥാനത്ത് 149 ഇക്കോ ഷോപ്പുകളും 17 പായ്ക്കിങ് ആൻഡ് ലേബലിങ് യൂണിറ്റ് തുടങ്ങിയവ ആരംഭിക്കും. പച്ചക്കറി രംഗത്ത് ഗുണനിലവാരമുള്ളതും വിഷവിമുക്തമായതുമായ ഉത്പന്നങ്ങൾ ഗുണഭോക്താക്കൾക്കു നൽകുകയാണു ലക്ഷ്യം.
തരിശു നിലങ്ങളിൽ നെൽക്കൃഷി വ്യാപിപ്പിക്കുന്നതിനൊപ്പം സാധ്യമായ സ്ഥലങ്ങളിലെല്ലാം കരനെൽക്കൃഷി തുടങ്ങും. കാർഷിക കർമസേനയുടെ പ്രവർത്തനം കാര്യക്ഷമമാക്കും. കർഷകർക്ക് വിള ഇൻഷ്വറൻസ് നൽകുമെന്നും ഹരിത കേരളം കർമ പദ്ധതിയുടെ ഭാവി പരിപാടി സംബന്ധിച്ച അവതരണത്തിൽ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. ഹരിതകേരളം മിഷൻ എക്‌സിക്യൂട്ടീവ് വൈസ് ചെർപേഴ്‌സൺ ഡോ. ടി.എൻ. സീമ, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് , ജലവിഭവ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ തുടങ്ങിയവർ സെഷനിൽ പങ്കെടുത്തു.
പുഴ പുനരുജ്ജീവനത്തിന് ഡിസംബർ എട്ടിന് തുടക്കം
ജലസംരക്ഷണത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ഒരു പുഴയെങ്കിലും പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പ്രവൃത്തനങ്ങൾക്ക് ഡിസംബർ എട്ടിന് തുടക്കമാകും. പുഴയുടെ പുനരുജ്ജീവനം ആവശ്യമായ സ്ഥലങ്ങളിൽ സാങ്കേതിക സമിതിയുടെ നേതൃത്വത്തിൽ വിശദമായ പദ്ധതി രേഖ തയാറാക്കി തുടർ പ്രവൃത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
പ്രളയാനന്തര പാരിസ്ഥിതിക പുനഃസ്ഥാപനത്തിന്റെ ഭാഗമായി നദികളും നീർച്ചാലുകളും പ്രത്യേക പരിഗണന നൽകി ഏറ്റെടുക്കും. ഹരിത കേരളം മിഷൻ ജലസേചന വകുപ്പിന്റെ നേതൃത്യത്തിൽ കഴിഞ്ഞ രണ്ടു വർഷമായി 651 കുളങ്ങൾ നിർമ്മിക്കുകയും 20 ഓളം തോടുകളും പുഴകളും പുനരുജ്ജീവിപ്പിക്കുകയ്യും ചെയ്തിട്ടുണ്ട്.
നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ നടക്കുന്ന ശിൽപ്പശാലയിൽ നീർത്തട പ്ലാൻ അംഗീകരിക്കൽ, ഗ്രാമ, ബ്ലോക്ക് തല സാങ്കേതിക സമിതി സജീവമാക്കൽ തുടങ്ങി തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ നിർവഹിക്കേണ്ട വിവിധ പദ്ധതികളെക്കുറിച്ചും ശിൽപ്പശാലയിൽ ചർച്ച ചെയ്തു. ഹരിതകേരളം മിഷൻ എക്‌സിക്യൂട്ടീവ് വൈസ് ചെർപേഴ്‌സൺ ഡോ. ടി.എൻ. സീമ, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് , ജലവിഭവ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, കൃഷി വകുപ്പു ഡയറക്ടർ ഡോ. പി.കെ. ജയശ്രീ തുടങ്ങിയവർ സെഷനിൽ പങ്കെടുത്തു.
 
നവകേരളം കർമപദ്ധതി ശില്പശാല
ഇന്ന് (നവംബർ 28) സമാപിക്കും
നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ നടക്കുന്ന തദ്ദേശസ്വംഭരണ സ്ഥാപനഅദ്ധ്യക്ഷരുടെയും വിവിധ മിഷൻ-വകുപ്പുതല ഉദ്യോഗസ്ഥരുടെയും ദ്വിദിന ശില്പശാല ഇന്ന് (നവംബർ 28) സമാപിക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ആർദ്രം മിഷനുകളാണ് ഇന്ന് വിലയിരുത്തുന്നത്.
നവകേരളം മിഷനുകളെക്കുറിച്ചുള്ള വിശദമായ അവലോകനവും ഭാവി പരിപാടികളുമാണ് ശിൽപ്പശാലയിൽ ചർച്ചചെയ്യുന്നത്. ‘പാതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം-അവലോകനവും ഭാവി പരിപാടികളും’ എന്ന സെഷന് വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്  നേതൃത്വം നൽകും.
11.15ന് ആരംഭിക്കുന്ന ആർദ്രം മിഷൻ അവലോകനവും ഭാവിപരിപാടികളും’എന്ന സെഷൻ ആരോഗ്യ വകുപ്പു മന്ത്രി കെ.കെ ശൈലജ നയിക്കും. തുടർന്ന് ‘മിഷനുകളുടെ സാമ്പത്തിക വശങ്ങളും ജനകീയ ആസൂത്രണവുമായുള്ള ഏകോപനവും’എന്ന വിഷയത്തിൽ ചർച്ച നടക്കും. ധനകാര്യ വകുപ്പു മന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് വിഷയാവതരണം നടത്തും.
മൂന്നു മണിക്കു നടക്കുന്ന സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ക്രോഡീകരണ സന്ദേശം നൽകും. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, രാമചന്ദ്രൻ കടന്നപ്പള്ളി, വി.എസ് സുനിൽകുമാർ, കെ.കെ ശൈലജ, പ്രൊഫ. സി. രവീന്ദ്രനാഥ് തുടങ്ങിയവർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *