സമരത്തിനില്ല; ആവശ്യങ്ങള്‍ മുഖ്യമന്ത്രി അനുഭാവപൂര്‍വം കേട്ടെന്ന് വ്യാപാരികള്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം സമരത്തില്‍ നിന്ന് പിന്മാറി വ്യാപാരി വ്യവസായി ഏകോപന സമിതി.

കടകള്‍ തുറക്കുന്നതടക്കം തങ്ങള്‍ ഉന്നയിച്ച വിഷയങ്ങളില്‍ മുഖ്യമന്ത്രി അനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നേതാക്കള്‍.

വ്യാപാരി വ്യവസായി ഏകോപന സമതി ഉന്നയിച്ച എല്ലാ കാര്യങ്ങളിലും അനുഭാവപൂര്‍ണമായ നിലപാടാണ് സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചര്‍ച്ചയില്‍ പൂര്‍ണ സന്തോഷമുണ്ടെന്നും വ്യപാരികള്‍ വ്യക്തമാക്കി. നിയ​‍്ര​ന്തണങ്ങള്‍ ലംഘിച്ച്‌ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരികള്‍ നിലപാടെടുത്തതിന് പിന്നാലെയാണ് പ്രശ്നപരിഹാരത്തിന്റെ ഭാഗമായി ഇന്ന് ചര്‍ച്ച നടത്തിയത്.

ഞായര്‍ ദിവസങ്ങളില്‍ കടകള്‍ തുറക്കുന്നത് അടക്കമുള്ള വിഷയങ്ങളില്‍ വൈകുന്നേരത്തെ പത്രസമ്മേളനത്തില്‍ പ്രഖ്യാപനം നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പ്രഖ്യാപനത്തിനു ശേഷം തുടര്‍ നടപടികള്‍ സംബന്ധിച്ച്‌ തീരുമാനമെടുക്കുമെന്നും വ്യാപാരികള്‍ പറഞ്ഞു. വരുംദിവസങ്ങളില്‍ അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസിറുദ്ദീന്‍ പറഞ്ഞു.

ബക്രീദുമായി ബന്ധപ്പെട്ട് കടകള്‍ പൂര്‍ണമായും തുറക്കാന്‍ അനുമതി നല്‍കുന്ന വിധത്തില്‍ തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. ഓണം വരെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യവും മുഖ്യമന്ത്രി അംഗീകരിച്ചതായും വ്യാപാരികള്‍ പറഞ്ഞു. വൈദ്യുതി ചാര്‍ജ്ജ്, സെയില്‍സ് ടാക്‌സ് , ജിഎസ്ടി അപാകതകള്‍, ക്ഷേമനിധി സംബന്ധിച്ച വിഷയം തുടങ്ങിയ വിഷയങ്ങളിലും പരിഹാരമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും വ്യാപാരികള്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *