കോവിഡ്‌ മൂന്നാംതരംഗം ഒഴിവാക്കാന്‍ നടപടി വേണമെന്ന്‌ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങള്‍ മൂന്നാംതരംഗ സാധ്യത ഒഴിവാക്കാന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ 80 ശതമാനം രോഗികളും ആറ് സംസ്ഥാനങ്ങളിലായാണ്. കേരളത്തിലെയും മഹാരാഷ്ട്രയിലെയും സ്ഥിതി നിയന്ത്രണ വിധേയമായിട്ടില്ല. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. വൈറസിന്റെ തുടര്‍ ജനിതകമാറ്റം പോലെയുള്ള വെല്ലുവിളികളെ അതിജീവിക്കാന്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. ആഘോഷങ്ങള്‍ നടത്താന്‍ സമയമായിട്ടില്ല.

വാക്‌സിനേഷന്റെയും, രോഗ നിര്‍ണ്ണയ പരിശോധനയുടെയും നിരക്ക് കൂട്ടണം. ഗ്രാമീണ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. മൈക്രോ കണ്ടെയ്ന്മെന്റ് സോണുകളില്‍ പ്രതിരോധത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കണം. ടെസ്റ്റ്-ട്രാക്ക്-ട്രീറ്റ്-വാക്സിനേറ്റ് എന്ന സമീപനം മുന്‍നിര്‍ത്തി മുന്നോട്ടുപോകേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, ഒഡീഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. മഹാമാരിയെ പ്രതിരോധിക്കാനായി ഫലവത്തായ മാര്‍ഗങ്ങള്‍ സ്വീകരിക്കാനും മൈക്രോ കണ്‍ടെയ്ന്മെന്റ് സോണുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു

രാജ്യത്തെ കോവിഡ് രണ്ടാം തരംഗം നിയന്ത്രണ വിധേയമാണെന്നാണ് കണക്കാക്കുന്നത്. രണ്ടാം തരംഗം എവിടെ തുടങ്ങിയോ അവിടെ സ്ഥിതിഗതികള്‍ ആദ്യം നിയന്ത്രണ വിധേമാവുമെന്നാണ് വിദഗ്ദര്‍ പറഞ്ഞത്. എന്നാല്‍ അതേ സമയത്ത് തന്നെ മഹാരാഷ്ട്രയിലും കേരളത്തിലും കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ഗൗരവമേറിയ വിഷയമാണ്. സംഭവിച്ചേക്കാവുന്ന കോവിഡ് മൂന്നാംതരംഗത്തെ കുറിച്ച്‌ ചര്‍ച്ചകള്‍ നടക്കുന്ന സന്ദര്‍ഭത്തിലാണ് നാം ഇപ്പോള്‍ ഉള്ളത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളുടെ ഏകദേശം 80 ശതമാനവും മരണനിരക്കിന്റെ 84 ശതമാനവും ഈ ആറു സംസ്ഥാനങ്ങളില്‍നിന്നാണ്- മോദി പറഞ്ഞു.

കോവിഡ് ഭീഷണി ഒഴിഞ്ഞിട്ടില്ലെന്ന് എല്ലാവരും ഓര്‍മിക്കണം. ഇത് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോവിഡ് പ്രതിരോധത്തിന് 23,000 കോടിയുടെ പാക്കേജ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പാക്കേജില്‍നിന്നുള്ള ഫണ്ടുകള്‍ വിനിയോഗിച്ച്‌ സംസ്ഥാനങ്ങള്‍ ആരോഗ്യ മേഖലയിലെ സൗകര്യങ്ങള്‍ ശക്തിപ്പെടുത്തണം. അടിസ്ഥാനസൗകര്യങ്ങളിലെ അപാകതകള്‍ മെച്ചപ്പെടുത്തണമെന്നും ഗ്രാമീണ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോവിഡ് രണ്ടാം തരംഗം നേരിടുന്നതിന് കേരളം നടത്തിയ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ചു. പ്രധാനമന്ത്രിയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികള്‍ മുഖ്യമന്ത്രി അവതരിപ്പിച്ചു. രോഗം ഉച്ചസ്ഥായിയില്‍ എത്തിക്കുന്നത് വൈകിച്ചു കൊണ്ട് ആരോഗ്യമേഖലയ്ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന രീതിയില്‍ രോഗവ്യാപനം പിടിച്ചു നിര്‍ത്താനാണ് കേരളം ശ്രമിച്ചത്. അതില്‍ വിജയിക്കുകയും ചെയ്തു. അതിന്റെ ഭാഗമായാണ് കേരളത്തില്‍ ഇപ്പോഴും മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച്‌ രോഗികളുടെ എണ്ണം കൂടുതല്‍ ഉള്ളതെന്ന വസ്തുത യോഗത്തില്‍ മുഖ്യമന്ത്രി വിശദീകരിച്ചു.

ഇതുവരെ സംസ്ഥാനത്തെ 1.17 കോടി ആളുകള്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 44.18 ലക്ഷം പേര്‍ക്ക് രണ്ടു ഡോസ് വാക്‌സിനും നല്‍കാന്‍ സാധിച്ചു. ആദിവാസി ജനവിഭാഗങ്ങള്‍, കിടപ്പുരോഗികള്‍, മാനസികാരോഗ്യ കേന്ദ്രങ്ങളിലെ രോഗികള്‍, വൃദ്ധസദനങ്ങളിലെ അന്തേവാസികള്‍, ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തില്‍ പെടുന്നവര്‍ തുടങ്ങിയവര്‍ക്കായി പ്രത്യേക വാക്‌സിനേഷന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കിയിട്ടുണ്ട്. ഒട്ടും നഷ്ടപ്പെടുത്താതെ ഏറ്റവും വേഗത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യുന്ന സംസ്ഥാനമാണ് കേരളം. ഇതെല്ലാം കണക്കിലെടുത്ത് കേരളത്തില്‍ ആവശ്യമായ അളവില്‍ വാക്‌സിന്‍ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *