മദ്യവില്‍പ്പനശാലകള്‍ക്ക് മുന്നിലെ വലിയ ക്യൂ വലിയ പ്രശ്‌നമായി മാറി: മുഖ്യമന്ത്രി

തിരുവനന്തപുരം: മദ്യവില്‍പ്പന ശാലകള്‍ക്ക് മുന്നിലെ വലിയ ക്യൂ വലിയ പ്രശ്‌നമായി മാറിയെന്നും അത് ഒഴിവാക്കാന്‍ പ്രത്യേക കൗണ്ടര്‍ ഏര്‍പ്പെടുത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

തിരക്കുള്ള സ്ഥലങ്ങളില്‍ കൗണ്ടറുകളുടെ എണ്ണം കൂട്ടും. ഈ കാണുന്ന തിരക്ക് ഒഴിവാക്കാന്‍ ആവശ്യമായ മറ്റ് ശാസ്ത്രീയ മാര്‍ഗങ്ങളും ആലോചിക്കുമെന്നും വാക്‌സിനേഷന്‍ പൂര്‍ത്തിയാകും വരെ ശക്തമായ നടപടി തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം എല്ലാവര്‍ക്കും രോഗം വന്ന് സാമൂഹിക പ്രതിരോധശേഷി ആര്‍ജ്ജിക്കുകയെന്നതല്ല, മറിച്ച്‌ വാക്‌സിന്‍ ലഭിക്കുന്നത് വരെ രോഗം പരമാവധി പേര്‍ക്ക് വരാതെ നോക്കി മരണം കഴിയുന്നത്ര തടയുകയെന്ന നയമാണ് നാം പിന്തുടര്‍ന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ആളുകള്‍ക്ക് വാക്‌സീനേഷന്‍ നല്‍കി സാമൂഹ്യ പ്രതിരോധത്തിനാണ് ശ്രമം.

18 വയസിന് മുകളില്‍ 43 ശതമാനം പേര്‍ക്ക് ഒരു ഡോസും 12 ശതമാനം പേര്‍ക്ക് രണ്ട് ഡോസും നല്‍കി. ഏറ്റവും വേഗം കേരളം വാക്‌സീനേഷന്‍ പൂര്‍ത്തിയാക്കുന്നുണ്ട്. വാക്‌സീന്‍ പാഴാക്കാതെ വിതരണം ചെയ്യുന്നതില്‍ കേരളം മുന്നിലാണ്.

ഇക്കാര്യത്തില്‍ കേന്ദ്രം അഭിനന്ദിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികള്‍ വഴിയും വാക്‌സീന്‍ വിതരണം ആരംഭിച്ചു. റഷ്യയുടെ സ്പുട്‌നിക് വാക്‌സീനും ചില ആശുപത്രികള്‍ നല്‍കുന്നുണ്ട്. അധികം വൈകാതെ മറ്റ് വാക്‌സീനുകളും ലഭിക്കുമെന്നാണ് കരുതുന്നത്. ഏതാനും മാസത്തിനുള്ളില്‍ 6-70 ശതമാനം പേര്‍ക്ക് വാക്‌സീന്‍ നല്‍കാനാവുമെന്നാണ് പ്രതീക്ഷ.

പതിനെട്ടിന് മുകളിലെ 70 ശതമാനം പേര്‍ക്ക് വാക്‌സീന്‍ നല്‍കിയാലെ ഹേര്‍ഡ് ഇമ്യൂണിറ്റി നേടാനാവൂ. രോഗം വന്ന് മാറിയവരില്‍ 60 ശതമാനമെങ്കിലും ഇപ്പോള്‍ ഹേര്‍ഡ് ഇമ്യൂണിറ്റി കൈവരിച്ച്‌ കാണും. 13 ശതമാനം പേര്‍ക്കെങ്കിലും എത്രയും വേഗം വാക്‌സീന്‍ നല്‍കാന്‍ ശ്രമിക്കും. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സീന്‍ നല്‍കാന്‍ അനുമതിയുണ്ട്.

ഗര്‍ഭകാലത്ത് കൊവിഡ് ബാധിച്ചാല്‍ കുഞ്ഞിന് പൂര്‍ണ വളര്‍ച്ചയെത്തും മുന്‍പ് പ്രസവം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. ഗര്‍ഭിണികള്‍ കൊവിഡ് ബാധിതരായാല്‍ ഐസിയു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ നല്‍കേണ്ടി വരും. വാക്‌സീന്‍ നല്‍കുന്നതിന് അനുമതി ലഭിച്ച സാഹചര്യത്തില്‍ ഗര്‍ഭിണികള്‍ വാക്‌സീന്‍ എടുക്കാന്‍ തയ്യാറാകണം.

Leave a Reply

Your email address will not be published. Required fields are marked *