നിയമസഭാ കയ്യാങ്കളിക്കേസ് : പിന്‍വലിക്കാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍; തടസ്സഹര്‍ജി ഫയല്‍ ചെയ്ത് ചെന്നിത്തല

ന്യൂഡല്‍ഹി : 2015 ലെ നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. നിലവിലെ മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ കേസില്‍ പ്രതിസ്ഥാനത്തുണ്ട്. സംസ്ഥാന സര്‍ക്കാരിനു വേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി. പ്രകാശ് ആണ് ഹര്‍ജി സമര്‍പ്പിച്ചത്.

വി ശിവന്‍കുട്ടി, കെ.ടി ജലീല്‍, ഇ.പി ജയരാജന്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി.കെ സദാശിവന്‍, കെ അജിത് എന്നിവര്‍ നിയമസഭാ കയ്യാങ്കളിക്കേസില്‍ വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവിന് എതിരെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. സ്പീക്കറുടെ അനുമതി ഇല്ലാതെ നിയമസഭ സെക്രട്ടറി നല്‍കിയ കേസ് നിലനില്‍ക്കില്ല എന്നാണ് സര്‍ക്കാര്‍ വാദം. പുറത്ത് നിന്നുള്ള ഇടപെടലുകള്‍ ഇല്ലാതെയാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും ഇതില്‍ ഇടപെടാന്‍ ഹൈകോടതിക്ക് അധികാരം ഇല്ലെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ചൊവ്വാഴ്ച ഹര്‍ജി പരിഗണിക്കും.

അതേസമയം കേരളത്തിന്റെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പടുവിക്കുന്നതിന് മുമ്ബ് തന്റെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സുപ്രീം കോടതിയില്‍ തടസ ഹര്‍ജി ഫയല്‍ ചെയ്തു. നിയമസഭയുടെ അന്തസ് കെടുത്തുന്ന തരത്തില്‍ പൊതുമുതല്‍ നശിപ്പിച്ച കേസ് പിന്‍വലിക്കരുതെന്നാണ് രമേശ് ചെന്നിത്തലയുടെ വാദം. അഭിഭാഷകന്‍ എം.ആര്‍. രമേശ് ബാബു മുഖേനയാണ് രമേശ് ചെന്നിത്തല തടസ ഹര്‍ജി ഫയല്‍ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *