പിടിച്ചെടുത്ത 1000 ലിറ്റര്‍ സ്പിരിറ്റ് സാനിറ്റൈസറാക്കി

തൃശ്ശൂര്‍:  പിടികൂടിയ 1000 ലിറ്റര്‍ സ്പിരിറ്റ് 1240 ലിറ്റര്‍ സാനിറ്റൈസറാക്കി ജില്ലയിലെ പ്രധാന ആശുപത്രികളിലേക്കും ആരോഗ്യ കേന്ദ്രങ്ങളിലേക്കും സൗജന്യമായി നല്‍കി തൃശൂര്‍ എക്സൈസ് ഓഫീസ് .

സാനിറ്റൈസര്‍ വിതരണത്തിനായി ജില്ലാ കലക്ടര്‍ എസ് ഷാനവാസ് ഡെപ്യൂട്ടി ഡി എം ഒ കെ എന്‍ സതീഷിന് കൈമാറി. കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ അസി. എക്സൈസ് കമ്മീഷണര്‍ വി എ സലിം, എക്സൈസ് വിമുക്തി കോര്‍ഡിനേറ്റര്‍ കെ കെ രാജു, റെജി ജിയോ തോമസ് എന്നിവര്‍ പങ്കെടുത്തു. എന്‍ഫോഴ്സ്മെന്‍്റ് പ്രവര്‍ത്തനത്തിനിടെയാണ് എക്സൈസ് 1000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയത്.

തുടര്‍ന്ന് കോടതി നടപടികള്‍ക്ക് ശേഷം ജില്ലാ ഭരണകൂടത്തിന്‍്റെ ശുപാര്‍ശയില്‍ എക്സൈസ് കമ്മീഷണര്‍ ഈ 1000 ലിറ്റര്‍ സ്പിരിറ്റ് സാനിറ്റൈസര്‍ ആക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. കുട്ടനെല്ലൂരിലെ സ്വകാര്യ ഫാര്‍മസ്യൂട്ടിക്കലിന്‍്റെ സഹായത്തോടെയാണ് സ്പിരിറ്റിനെ 1240 ലിറ്റര്‍ സാനിറ്റൈസറാക്കി മാറ്റിയത്.

സ്പിരിറ്റില്‍ നിന്നുല്‍പ്പാദിപ്പിച്ച സാനിറ്റൈസര്‍ ജില്ലയിലെ 2 ജനറല്‍ ആശുപത്രികള്‍, 2 ജില്ലാ ആശുപത്രികള്‍, 6 താലൂക്ക് ആശുപത്രികള്‍, 25 സി എച്ച്‌ സികള്‍, 79 പി എച്ച്‌ സികള്‍, ജില്ലയിലെ സി എഫ് എല്‍ ടി സി കള്‍ എന്നിവയ്ക്കാണ് വിതരണം ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *