എട്ടു പേരെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ സന്നിധാനം സ്റ്റേഷന് മുന്നില്‍ വി. മുരളീധരന്‍ പ്രതിഷേധിക്കുന്നു

 

പത്തനംതിട്ട: ശബരിമലയില്‍നിന്ന് എട്ടു പേരെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ വി. മുരളീധരന്‍ എംപിയുടെ പ്രതിഷേധം. സന്നിധാനം സ്റ്റേഷന് മുന്നില്‍ വി. മുരളീധരന്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. പൊലീസിനോടു വിശദീകരണം തേടാനാണു ശ്രമമെന്ന് എംപി പ്രതികരിച്ചു. മറ്റൊരു ബിജെപി എംപിയായ നളിന്‍ കുമാര്‍ കട്ടീലും വി. മുരളീധരനോടൊപ്പം ശബരിമലയില്‍ പ്രതിഷേധിക്കുന്നുണ്ട്.


ശബരിമലയിലെ പൊലീസിന്റെ പുതിയ നിയന്ത്രണ പ്രകാരം ആറു മണിക്കൂറിനുള്ളില്‍ സന്നിധാനത്തുനിന്ന് തിരിച്ചെത്താത്തതിനാണു എട്ടുപേരെ കസ്റ്റഡിയിലെടുത്തത്. പ്രതിഷേധക്കാരെന്നു സംശയിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. നടപ്പന്തലില്‍ നിന്ന് ഫെയ്‌സ്ബുക്കില്‍ ലൈവ് നാമജപം നടത്തിയ ഒരാളെയും കസ്റ്റഡിയിലെടുത്തുട്ടിണ്ട്. ശബരിമലയിലെ കടുത്ത നിയന്ത്രണങ്ങള്‍ കാരണം മുംബൈയില്‍ നിന്നുള്ള 110 അംഗ തീര്‍ഥാടക സംഘം ദര്‍ശനം നടത്താതെ മടങ്ങി. എരുമേലിയിലെ ദര്‍ശനത്തിനു ശേഷം സംഘം ചെങ്ങന്നൂര്‍, ആര്യങ്കാവു തുടങ്ങിയ ക്ഷേത്രങ്ങളിലേക്കു തിരിച്ചു. ആറു മണിക്കൂറിനകം ദര്‍ശനം നടത്തി വരാന്‍ കഴിയുമോയെന്നു സംശയമാണെന്നു ഗുരുസ്വാമി ബാലസുബ്രഹ്മണ്യം പറഞ്ഞു. സുരക്ഷ സംബന്ധിച്ചും ആശങ്കയുണ്ട്. സംഘത്തില്‍ 12 കുട്ടികളും 13 മുതിര്‍ന്നവരുമുണ്ട്. മുംബൈയില്‍ കല്യാണില്‍ നിന്നു 25 വര്‍ഷമായി തീര്‍ഥാടകരുമായി ബാലസുബ്രഹ്മണ്യം വരുന്നതാണ്. മൂന്നു ബസുകളിലായാണു സംഘം എരുമേലിയില്‍ എത്തിയത്

Leave a Reply

Your email address will not be published. Required fields are marked *