രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പ്രതിഷേധമാണു സംഘപരിവാറിന്റേത്: മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയിലെ സമരം ഭക്തിയുടെ പേരിലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമരക്കാരുടെ ഉള്ളിലിരിപ്പ് ഇതിനോടകം വ്യക്തമായതാണ്. ശബരിമലയോടുള്ള പ്രതിബദ്ധതയുടെ ഭാഗമായല്ല സമരം. ആചാരലംഘനമാണ് ആചാരസംരക്ഷകര്‍ നടപ്പാക്കുന്നത്. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പ്രതിഷേധമാണു സംഘപരിവാറിന്റേത്. ആദ്യഘട്ട പ്രതിഷേധങ്ങളില്‍ സര്‍ക്കാര്‍ ഇടപെട്ടില്ല. സംഘപരിവാറിന്റെ അജന്‍ഡ നടപ്പാക്കുകയാണ്. പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് ബിജെപിക്ക് ഒപ്പമാണെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.


മാസ പൂജ സമയത്തുണ്ടായ പ്രതിഷേധം പൊലീസ് തടഞ്ഞില്ല. ജനാധിപത്യ അവകാശങ്ങള്‍ ലംഘിക്കുന്ന സാഹചര്യത്തിലാണു പൊലീസ് ഇടപെടുന്നത്. മാധ്യമപ്രവര്‍ത്തകരെപ്പോലും ക്രൂരമായി ആക്രമിച്ചു. വനിതാ മാധ്യമപ്രവര്‍ത്തകരും ആക്രമിക്കപ്പെട്ടു. ആ സമയത്താണ് പൊലീസ് ഇടപെട്ടത്. പൊലീസ് പരമാവധി സംയമനം പാലിച്ചു. സംഘപരിവാറിനു പ്രശ്‌നങ്ങള്‍ ഉണ്ടാക്കണമായിരുന്നു. അതിന്റെ ഭാഗമായാണ് 50 വയസ് കഴിഞ്ഞ സ്ത്രീയെവരെ ആക്രമിച്ചു. പ്രതിഷേധക്കാര്‍ സന്നിധാനത്ത് ആ സ്ത്രീയോടു കാണിച്ചത് എല്ലാവരും കണ്ടതാണ്.
അറസ്റ്റ് സ്വാഭാവിക നടപടി മാത്രമാണ്. ഭക്തരെ അങ്ങേയറ്റം ദുരിതത്തിലാക്കുന്ന നടപടിയാണു സംഘപരിവാര്‍ സ്വീകരിക്കുന്നത്. ആര്‍എസ്എസും ബിജെപിയും ലക്ഷ്യം വയ്ക്കുന്നത് കലാപത്തിനാണ്. ഹരിവരാസനം പാടി നട അടച്ചതിനുശേഷം കൂട്ടംകൂടി സംഘര്‍ഷമുണ്ടാക്കാനാണ് അവര്‍ ശ്രമിച്ചത്. ആദ്യദിവസം നടപ്പാക്കാനാകാത്തതിനാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ വ്യക്തമായ പ്ലാനോടെയാണ് അവര്‍ പ്രവര്‍ത്തിച്ചത്. സംഘപരിവാറിന്റെ കൈപ്പിടിയില്‍ ശബരിമലയെ ഒതുക്കാനാണ് അവരുടെ ശ്രമം. ഭക്തരാണെന്ന് അവകാശപ്പെട്ട് എത്തിയവര്‍ സംഘപരിവാറുകാണെന്നും വ്യക്തമായിട്ടുണ്ട്. കോടതി വിധി നടപ്പാക്കാനേ സര്‍ക്കാരിനു കഴിയൂ. നിയമവാഴ്ചയുള്ള രാജ്യത്ത് കോടതി വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്

Leave a Reply

Your email address will not be published. Required fields are marked *