കോവിഡ് വാക്‌സിന്‍ സൗജന്യമാക്കണമെന്ന് പ്രമേയം പാസാക്കി നിയമസഭ

തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ സൗജന്യവും സമയബന്ധിതവുമായി ലഭിക്കണമെന്ന പ്രമേയം ഐകകണ്‌ഠേന നിയമസഭയില്‍ പാസാക്കി. ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് ചട്ടം 118 അനുസരിച്ച്‌ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്. പൊതുമേഖല ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനികളില്‍ നിര്‍ബന്ധിത ലൈസന്‍സ് വ്യവസ്ഥ ഉപയോഗപെടുത്തി വാക്‌സിന്‍ നിര്‍മ്മിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

ലോകാരോഗ്യ സംഘടന അടിയന്തിര ആവശ്യത്തിന് അനുമതി നല്‍കിയ കമ്ബനികളുടെയും യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി, യു.കെ എം.എച്ച്‌.ആര്‍.എ, ജപ്പാന്‍ പി.എം.ഡി.എ, യു.എസ് എഫ്.ഡി.എ എന്നിവയുടെ അനുമതിയുള്ള വാക്‌സിന്‍ കമ്ബനികള്‍ക്കും ഇളവ് നല്‍കാമെന്നും പ്രമേയത്തില്‍ പറഞ്ഞു.

രണ്ട് കുത്തകള്‍ക്ക് ഉത്പാദനത്തിനും വില നിശ്ചയിക്കാനുമുള്ള അധികാരം നല്‍കി രാജ്യത്തെ ജനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ വഞ്ചിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. വാക്സിന് വ്യത്യസ്ത വില ഏര്‍പ്പെടുത്തുന്നത് വലിയ വിവേചനമാണെന്നും അദ്ദേഹം പറഞ്ഞു. പ്രമേയത്തെ അനുകൂലിച്ച പ്രതിപക്ഷം ചെറിയ ഭേദഗതികള്‍ ആവശ്യപ്പെട്ടു. ഇത് കൂടി അംഗീകരിച്ചാണ് പ്രമേയം ഐകകണ്‌ഠേന പാസാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *