കോവിഡ് മരണം നിശ്ചയിക്കുന്നതിന്‍റെ മാനദണ്ഡം മാറ്റണമെന്ന് വി.ഡി. സതീശന്‍

തിരുവനന്തപുരം: കോവിഡ് വിവാദമാക്കാന്‍ പ്രതിപക്ഷം ശ്രമിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സര്‍ക്കാറിനെയോ ആരോഗ്യ പ്രവര്‍ത്തകരെയോ ഇകഴ്ത്തി കാണിക്കാന്‍ ശ്രമിച്ചിട്ടില്ല. കോവിഡ് വിഷയത്തില്‍ പ്രതിപക്ഷം നിരുപാധിക പിന്തുണയാണ് നല്‍കിയിട്ടുള്ളത്. ഒരുമിച്ച്‌ നില്‍കേണ്ട സമയമാണ്. അല്ലെങ്കില്‍ സംസ്ഥാനത്ത് അരാഷ്ട്രീയ സാഹചര്യമുണ്ടാകുമെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

മരണസംഖ്യ നിശ്ചയിക്കുന്നതിന്‍റെ മാനദണ്ഡം മാറ്റണം. ആരോഗ്യ പ്രവര്‍ത്തകരെ ഇകഴ്ത്തി കാണിക്കാന്‍ ശ്രമിച്ചെന്ന തെറ്റായ പരാമര്‍ശം ആരോഗ്യ മന്ത്രി പിന്‍വലിക്കമെന്ന് സതീശന്‍ ആവശ്യപ്പെട്ടു. കോവിഡ് രണ്ടാം തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ വാക്സിന്‍ ക്ഷാമവും മരണനിരക്കിലെ അവ്യക്തതയും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു പ്രഫഷനല്‍ ഡോക്ടര്‍ എന്ന നില‍യിലാണ് എം.കെ. മുനീര്‍ കാര്യങ്ങള്‍ വിശദീകരിച്ചതെന്ന് മുസ് ലിം ലീഗ് നിയമസഭ കക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിന്‍റെ സഹകരണം വേണ്ടെന്ന നിലയിലാണ് ആരോഗ്യ മന്ത്രി സംസാരിക്കുന്നത്. മന്ത്രിക്ക് പ്രതിപക്ഷത്തിന്‍റെ സഹകരണം വേണ്ടെങ്കിലും ജനങ്ങള്‍ക്ക് വേണ്ടി സര്‍ക്കാറിന് പ്രതിപക്ഷത്തിന്‍റെ സഹകരണം ഉണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

വാക്സിന്‍ ക്ഷാമവും മരണനിരക്കിലെ അവ്യക്തതയും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ നിയമസഭയില്‍ കൊണ്ടുവന്ന അടിയന്തര പ്രമേയം ഭരണ-പ്രതിപക്ഷ ബഹളത്തില്‍ കലാശിച്ചിരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തകരെ ഇകഴ്ത്തി കാണിക്കാന്‍ പ്രതിപക്ഷ ശ്രമമെന്ന ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്‍റെ പരാമര്‍ശമാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. മന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതിപക്ഷം നടത്തിയ പ്രതിഷേധം ഭരണപക്ഷം ഏറ്റുപിടിച്ചതോടെയാണ് ബഹളത്തില്‍ കലാശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *