സഭയില്‍ വാദപ്രതിവാദവുമായി മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വോട്ടുകള്‍ ആര്‍ക്ക് ലഭിച്ചെന്നതിനെ ചൊല്ലി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ സഭയില്‍ വാദപ്രതിവാദം. നയപ്രഖ്യാപനത്തിലെ നന്ദി പ്രമേയ ചര്‍ച്ചയിലാണ് പിണറായി വിജയനും വി.ഡി. സതീശനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്.

ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിച്ചത് എല്‍.ഡി.എഫാണെന്ന അവകാശവാദം തെറ്റാണെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. കെ. മുരളീധരനെ നേമത്ത് മത്സരിപ്പിക്കാനുള്ള യു.ഡി.എഫ് തീരുമാനമാണ് നിര്‍ണായകമായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍, 2016ല്‍ നേമത്ത് കോണ്‍ഗ്രസ് വോട്ടുകള്‍ ബി.ജെ.പിക്ക് മറിച്ചെന്ന് പ്രതിപക്ഷ നേതാവ് പരോക്ഷമായി സമ്മതിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 10 മണ്ഡലങ്ങളില്‍ ബി.ജെ.പി വോട്ട് നേടിയാണ് ജയിച്ചത്. ദേശീയതലത്തില്‍ ബി.ജെ.പിയെ നേരിടുന്നത് കോണ്‍ഗ്രസാണെന്ന് പ്രതിപക്ഷ നേതാവ് പറയുന്നു. എന്നാല്‍, കേരളത്തില്‍ ബി.ജെ.പിക്കെതിരെ അര അക്ഷരം പോലും പറയുന്നില്ല. കോണ്‍ഗ്രസ്, ബി.ജെ.പി ബന്ധത്തിന് ദീര്‍ഘകാലത്തെ ചരിത്രമുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.

എന്നാല്‍, കോണ്‍ഗ്രസിന് വോട്ട് വര്‍ധനയില്ലെന്നും ബി.ജെ.പിക്ക് കുറഞ്ഞ വോട്ടുകള്‍ മുഴുവനും എല്‍.ഡി.എഫിനാണ് കിട്ടിയതെന്നും ഇതില്‍ നിന്ന് കാര്യങ്ങള്‍ വ്യക്തമാണെന്നും വി.ഡി. സതീശന്‍ മറുപടി നല്‍കി. ഒരു ശതമാനം വോട്ട് മാത്രമാണ് യു.ഡി.എഫിന് വര്‍ധിച്ചത്. ബി.ജെ.പിയുടെ എത്ര ശതമാനം വോട്ട് കുറഞ്ഞു -അദ്ദേഹം ചോദിച്ചു.

എന്നാല്‍, ബി.ജെ.പി വോട്ട് ലഭിച്ചിട്ടും 10 മണ്ഡലങ്ങളില്‍ മാത്രമേ യു.ഡി.എഫിന് ജ‍യിക്കാന്‍ സാധിച്ചുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചിലയിടങ്ങളില്‍ എല്‍.ഡി.എഫിന്‍റെ ഭൂരിപക്ഷം കുറക്കുകയും ചെയ്തു. അതിനെ മറികടന്ന് എല്‍.ഡി.എഫ് ജയിച്ചുവെന്നതാണ് വസ്തുത.

സുല്‍ത്താന്‍ ബത്തേരി, പെരുമ്ബാവൂര്‍, കുണ്ടറ, ചാലക്കുടി, കോവളം, കടുത്തുരുത്തി തുടങ്ങിയ മണ്ഡലങ്ങളിലെ വോട്ട് കണക്കുകളും മുഖ്യമന്ത്രി അവതരിപ്പിച്ചു. ബി.ജെ.പി വോട്ട് ലഭിച്ചില്ലായിരുന്നെങ്കില്‍ ഇത്തവണ വലിയ പതനത്തിലേക്ക് യു.ഡി.എഫ് എത്തുമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *