ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

തിരുവനന്തപുരം:  കേരളതീരത്തും ലക്ഷദ്വീപിലും ഇന്നുമുതല്‍(ജൂണ്‍ 01) ജൂണ്‍ മൂന്നുവരെ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

തെക്ക് കിഴക്ക് അറബിക്കടല്‍, അതിനോടു ചേര്‍ന്നുള്ള കേരള തീരം, കന്യാകുമാരി, ശ്രീലങ്കന്‍ തീരം, തെക്കുപടിഞ്ഞാറന്‍ അറബികടല്‍ എന്നിവിടങ്ങളില്‍ ഇന്നു(ജൂണ്‍ 01) മുതല്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. ഇതു മുന്‍നിര്‍ത്തി ഈ സമുദ്ര മേഖലകളില്‍ ഈ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ലെന്നും കളക്ടര്‍ അറിയിച്ചു.

ജൂണ്‍ 1,2,3 തീയതികളില്‍ തിരുവനന്തപുരം ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

ജൂണ്‍ അഞ്ചുവരെ സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളില്‍ 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കാറ്റിലും മഴയിലും വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കെ.എസ്.ഇ.ബി.യുടെ 1912 എന്ന കണ്‍ട്രോള്‍ റൂം നമ്പരിലോ 1077 എന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിക്കണം. ഉച്ചക്ക് രണ്ടുമണി മുതല്‍ രാത്രി പത്തുവരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത കൂടുതല്‍. ഈ സമയത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അറിയിപ്പില്‍ പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *