കെ.വൈ.സി രേഖകള്‍ ആവശ്യപ്പെട്ടുള്ള ഫോണ്‍ തട്ടിപ്പിനെതിരെ ജാഗ്രത

കൊച്ചി: കെ.വൈ.സി (നോ യുവര്‍ കസ്റ്റമര്‍) രേഖകള്‍ ആവശ്യപ്പെടുന്ന തരത്തിലുള്ള ഫോണ്‍ കോള്‍ തട്ടിപ്പുകള്‍ക്ക് എതിരെ ജാഗ്രത പാലിക്കണമെന്ന് പൊതുമേഖലാ ബാങ്കുകളുടെ മുന്നറിയിപ്പ്. ഇത്തരം ഫോണ്‍ സന്ദേശങ്ങളിലൂടെ അക്കൗണ്ടുടമകളുടെ വിവരങ്ങളും ഒടിപി നമ്ബറും കൈക്കലാക്കി തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ വ്യാപകമാകുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

കെ.വൈ.സി രേഖകള്‍ പുതുക്കുന്നതിന് വിവരങ്ങള്‍ ശേഖരിക്കാന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ എന്ന രീതിയിലാണ് ഇത്തരം കോളുകള്‍ എത്തുന്നത്. കെ.വൈ.സി രേഖകള്‍ പുതുക്കാത്ത അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്ന് നേരത്തെ ബാങ്കുകള്‍ നിക്ഷേപകരെ അറിയിച്ചിരുന്നു. ഇതിന്റെ മറവിലാണ് തട്ടിപ്പ് ലോബികള്‍ പ്രവര്‍ത്തനം നടത്തുന്നത്. അതേസമയം, കെ.വൈ.സി രേഖകള്‍ പുതുക്കുന്നതിനുള്ള സാവകാശം ഡിസംബര്‍ വരെ നല്‍കണമെന്ന് ആര്‍.ബി.ഐ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

രേഖകള്‍ ഡിജിറ്റലായി സമര്‍പ്പിക്കാമെന്ന് ആര്‍.ബി.ഐ നല്‍കിയ സാധ്യതയും തട്ടിപ്പുകാര്‍ മുതലെടുക്കുന്നുണ്ട്. അക്കൗണ്ട് ഉടമകളെ ബന്ധപ്പെട്ട് കെ.വൈ.സി രേഖകള്‍ പുതുക്കുന്നതിന് വിവരങ്ങള്‍ നല്‍കണമെന്നും അല്ലാത്തപക്ഷം അക്കൗണ്ട് മരവിപ്പിക്കുമെന്നും ഇടപാടുകാരെ ധരിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. തുടര്‍ന്ന് ഒ.ടി.പി അടക്കമുള്ള വിവരങ്ങള്‍ കൈക്കലാക്കുന്ന തട്ടിപ്പ് സംഘം അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്യും.

രേഖകള്‍ ആവശ്യപ്പെട്ട് ഫോണ്‍ കോളോ, സന്ദേശമോ എത്തിയാല്‍ ഇതിന്റെ നിജസ്ഥിതി ആദ്യം ബോധ്യപ്പെടണമെന്നും, ഇതിനായി ലഭിച്ച സന്ദേശം ഔദ്യോഗികമാണോ എന്ന് പരിശോധിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *