പകർച്ചവ്യാധി പ്രതിരോധം : ജനകീയ ശുചീകരണം ജൂൺ നാലു മുതൽ

തിരുവനന്തപുരം: മഴക്കാലത്ത് പകർച്ചവ്യാധികൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ജനകീയ ശുചീകരണ പരിപാടി ജില്ലയിൽ ജൂൺ നാലു മുതൽ ആറു വരെ നടക്കുമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ എന്നിവ സംയുക്തമായാണു പരിപാടി സംഘടിപ്പിക്കുന്നത്.

രോഗാണുവാഹകരായ ജീവികളുടെ വളർച്ച തടയുക, പരിസര ശുചിത്വം ഉറപ്പാക്കുക എന്നിവയാണു ശുചീകരണ പരിപാടിയുടെ ലക്ഷ്യം. കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി ജൂൺ നാലിനു തൊഴിലിടങ്ങൾ, അഞ്ചിനു പൊതു ഇടങ്ങൾ, ആറിനു വീടുകൾ എന്നിവിടങ്ങളിൽ മാലിന്യം നീക്കി ശുചിത്വം ഉറപ്പാക്കും. ഹരിതകർമസേന, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, എൻ.എസ്.എസ്, എൻ.സി.സി, റെസിഡൻസ് അസോസിയേഷനുകൾ, സന്നദ്ധപ്രവർത്തകർ എന്നിവർ പങ്കാളികളാകും. അഞ്ചു പേരടങ്ങുന്ന സംഘങ്ങളായിട്ടാകും ഓരോയിടവും വൃത്തിയാക്കുക.

ഇതുമായി ബന്ധപ്പെട്ട് ഓൺലൈനായി ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ.എസ്.ഷിനു വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ഇതുമായി ബന്ധപ്പെട്ട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ നടന്ന ചർച്ചയിൽ പകർച്ചവ്യാധി പ്രതിരോധത്തിനായി ജില്ലയിലെ എല്ലാ ഓഫിസുകളിലും സ്ഥാപന മേധാവികൾ പ്രതിരോധ നടപടികൾ ജൂൺ മൂന്നിനു മുൻപായി ശുചീകരണത്തിനുള്ള നടപടി സ്വീകരിക്കാൻ കളക്ടർ നിർദേശിച്ചു. സ്‌കൂളുകളിൽ ഹെഡ്മാസ്റ്ററോ സ്‌കൂൾ മാനേജ്‌മെന്റോ ശുചീകരണത്തിനുള്ള നടപടികൾ സ്വീകരിക്കണം. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്കായിരിക്കും ഇതിന്റെ മേൽനോട്ട ചുമതല.

Leave a Reply

Your email address will not be published. Required fields are marked *

You may missed