മൺസൂൺ: വകുപ്പുതലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

തിരുവനന്തപുരം: മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിൽ പൊതുജനങ്ങൾക്കായി വകുപ്പുതലത്തിൽ പ്രത്യേക കൺട്രോൾ റൂമുകൾ തുറക്കും. വെള്ളക്കെട്ട് നിവാരണം, ദുരിതാശ്വാസം തുടങ്ങിയവയ്ക്ക് ബന്ധപ്പെട്ട വകുപ്പുകളുടെ കൺട്രോൾ റൂമുകളുമായി ജനങ്ങൾക്കു നേരിട്ടു ബന്ധപ്പെടാം. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ ചേർന്ന മഴക്കാല പൂർവ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിലാണു തീരുമാനം.

മേജർ ഇറിഗേഷൻ, മൈനർ ഇറിഗേഷൻ, പൊതുമരാമത്ത് വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് തുടങ്ങി കാലവർഷക്കെടുതി നിവാരണവുമായി ബന്ധപ്പെട്ട വകുപ്പുകളാണ് പ്രത്യേക കൺട്രോൾ റൂമുകൾ തുറക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ പ്രത്യേക ഉദ്യോഗസ്ഥരേയും നിയോഗിക്കും. ജില്ലയിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുന്നതിനു ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ മുൻകൈയെടുക്കണം. ഒടിഞ്ഞുവീണ മരങ്ങൾ മുറിച്ചുമാറ്റുന്നതിന് എപ്പോഴും ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗത്തിന്റെ സേവനം തേടുന്നതിനു പകരം കോർപ്പറേഷനും ജില്ലാ പഞ്ചായത്തു ഇതിനുള്ള സൗകര്യങ്ങൾ സജ്ജമാക്കണം. വീട് നഷ്ടപ്പെട്ടും കൃഷിനാശമുണ്ടായും ദുരിതത്തിലായവർക്ക് സർക്കാരിൽനിന്നുള്ള ധനസഹായവും നഷ്ടപരിഹാരവും വേഗത്തിൽ ലഭ്യമാക്കാൻ പ്രത്യേക സംവിധാനമൊരും.

കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ടു പതിവായുണ്ടാകുന്ന പ്രശ്‌നങ്ങൾക്കു ശാശ്വത പരിഹാരം കാണാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പ്രത്യേക ശ്രദ്ധവയ്ക്കണമെന്നും അതതു സ്ഥലങ്ങളിൽ നേരിട്ടു പരിശോധന നടത്തണമെന്നും മന്ത്രിമാർ നിർദേശം നൽകി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ, സബ് കളക്ടർമാരായ എം.എസ്. മാധവിക്കുട്ടി, ചേതൻകുമാർ മീണ, എ.ഡി.എം. ടി.ജി. ഗോപകുമാർ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ജി.കെ. സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *