കെ. ഗോപാലകൃഷ്‌ണ കുറുപ്പ് പുതിയ അഡ്വക്കേറ്റ് ജനറല്‍

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ അഡ്വക്കറ്റ് ജനറലായി അഡ്വ.കെ. ഗോപാലകൃഷ്ണക്കുറുപ്പിനെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മുന്‍ എം.എല്‍.എ കെ.സുരേഷ് കുറുപ്പിന്റെ ജ്യേഷ്ഠസഹോദരനാണ്. അഡ്വ.ടി.എ.ഷാജി ആയിരിക്കും പുതിയ ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്‍.

സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാദ്ധ്യക്ഷനായി വി.കെ.രാമചന്ദ്രനെ നിയമിച്ചു. സ്ഥാനമൊഴിയുന്ന സര്‍ക്കാരിലും ആസൂത്രണ ബോര്‍ഡ് ഉപാദ്ധ്യക്ഷന്‍ ഇദ്ദേഹമായിരുന്നു.

അഡ്വ. കെ. ഗോപാലകൃഷ്‌ണ കുറുപ്പ്

സീനിയര്‍ അഭിഭാഷകനായ കെ. ഗോപാലകൃഷ്‌ണ കുറുപ്പ് പി.എ. കുഞ്ഞന്‍പിള്ളയുടെയും ഭാരതിഅമ്മയുടെയും മകനായി 1953 മേയ് ഒന്നിന് കോട്ടയം ജില്ലയിലാണ് ജനിച്ചത്. സി.പി.എം നേതാവും ഏറ്റുമാനൂര്‍ മുന്‍ എം.എല്‍.എയുമായ കെ. സുരേഷ് കുറുപ്പിന്റെ സഹോദരനാണ്. കേരള സ്റ്റുഡന്റ്സ് ഫെഡറേഷന്റെയും പിന്നീട് എസ്.എഫ്.ഐ രൂപീകരിച്ചപ്പോള്‍ ഇൗ സംഘടനയുടെയും നേതൃനിരയിലുണ്ടായിരുന്നു. കെ.എസ്.വൈ.എഫിന്റെ നേതൃത്വത്തിലുമുണ്ടായിരുന്നു. 1976 സെപ്തംബര്‍ 20 നാണ് അഭിഭാഷകനായി എന്‍റോള്‍ ചെയ്തത്. മുന്‍ എം.എല്‍.എയും കോട്ടയം ബാറിലെ അഭിഭാഷകനുമായ എം. തോമസ്, അഡ്വ. കെ. ജോര്‍ജ് എന്നിവരുടെ ജൂനിയറായി കോട്ടയത്താണ് പ്രാക്ടീസ് ആരംഭിച്ചത്. 1984 ല്‍ അമ്മാവനായ മുന്‍ വാഴൂര്‍ എം.എല്‍.എ അഡ്വ. എന്‍. രാഘവക്കുറുപ്പിന്റെ ജൂനിയറായി ഹൈക്കോടതിയില്‍ പ്രാക്ടീസ് തുടങ്ങി. 2010 ല്‍ സീനിയര്‍ അഭിഭാഷകപദവി ലഭിച്ചു. 1999 മുതല്‍ 2001 വരെ സ്റ്റേറ്റ് പ്രോസിക്യൂട്ടറായിരുന്നു. 2005 ല്‍ കേരള ഹൈക്കോര്‍ട്ട് അഡ്വക്കേറ്റ്സ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. ആള്‍ ഇന്ത്യ ലായേഴ്സ് യൂണിയന്‍ ഹൈക്കോടതി കമ്മിറ്റി പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമാണ്. ഗീതയാണ് ഭാര്യ. മക്കള്‍ : ഗായത്രി (ന്യൂജേഴ്സി), അരുണ്‍ (കോഴിക്കോട്), പാര്‍വതി മാഞ്ചസ്റ്റര്‍).

അഡ്വ. ടി.എ. ഷാജി

സീനിയര്‍ അഭിഭാഷകനായ ടി.എ. ഷാജി പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റായിരുന്ന ടി.കെ. അച്യുതന്റെയും മന്ദാകിനിയുടെയും മകനാണ്. മാല്യങ്കര എസ്.എന്‍.എം കോളേജിലും എറണാകുളം ഗവ. ലാ കോളേജിലുമായാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 1986 ല്‍ പ്രാക്ടീസ് ആരംഭിച്ചു. 2012 ല്‍ സീനിയര്‍ അഭിഭാഷക പദവി ലഭിച്ചു. ആള്‍ ഇന്ത്യ ലായേഴ്സ് യൂണിയന്റെ സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. ക്രിമിനല്‍ കേസുകളുടെ നടത്തിപ്പില്‍ സുദീര്‍ഘമായ പരിചയമുള്ള ടി.എ. ഷാജി കേരള ബാങ്ക്, റീജിയണല്‍ കാന്‍സര്‍ സെന്റര്‍ തുടങ്ങിയവയുടെ സ്റ്റാന്‍ഡിംഗ് കോണ്‍സലായിരുന്നു. പ്രസന്ന ഷാജിയാണ് ഭാര്യ. മക്കള്‍: അമല്‍ ഷാജി (മെക്കാനിക്കല്‍ എന്‍ജിനീയര്‍), അഡ്വ. അതുല്‍ ഷാജി.

Leave a Reply

Your email address will not be published. Required fields are marked *