സന്നിധാനത്ത് പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ ഇളവ്

ശബരിമല: ശബരിമലയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സന്നിധാനത്ത് പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ ഇളവ് അനുവദിച്ചു. ഡിജിപിയും ദേവസ്വം ബോർഡ് അംഗം കെ.പി.ശങ്കരദാസും നടത്തിയ  ചർച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. എന്നാൽ രാത്രി സന്നിധാനത്ത് ആരെയും തങ്ങാൻ അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി.

നെയ്യഭിഷേകത്തിനായി പുതിയ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഭിഷേകം ചെയ്യേണ്ട തീർത്ഥാടകർ രാത്രി 12 മണിക്ക് നിലയ്ക്കലിലെത്തണം. ഒരു മണിക്കൂറിന് ശേഷം, ഒരു മണിയ്ക്ക്, പമ്പയിൽ നിന്നും സന്നിധാനത്തേക്ക് പൊലീസ് ഈ തീര്‍ത്ഥാടകരെ കയറ്റിവിടും. നട തുറക്കുമ്പോൾ ദർശനവും അഭിഷേകവും കഴിഞ്ഞ് ഇവര്‍ക്ക് പമ്പയിലേക്ക് മടങ്ങാം.  സന്നിധാനത്ത് പടി പൂജയുള്ള ഭക്തര്‍ക്ക് രാത്രി സന്നിധാനത്ത് തങ്ങാം. വൈകല്യമുള്ളവർക്കും വൃദ്ധർക്കും സന്നിധാനത്ത് തങ്ങുന്ന കാര്യത്തിൽ ഇളവ് ഉണ്ടാകും. എന്നാല്‍ മുറികൾ അനുവദിക്കുന്ന കാര്യത്തിൽ പൊലീസിന് നിയന്ത്രണം തുടരാമെന്നും ചര്‍ച്ചയില്‍ ധാരണയായി.   നേരത്തേ, സന്നിധാനത്ത് നിയന്ത്രണങ്ങളേർപ്പെടുത്തുന്നതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ദേവസ്വംബോർഡ് രംഗത്തു വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *