ഓക്‌സിജന്‍ ക്ഷാമം: ശ്രീചിത്രയില്‍ ശസ്ത്രക്രിയകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് ന്യൂറോ, കാര്‍ഡിയാക് വിഭാഗങ്ങളില്‍ ശസ്ത്രക്രിയ നിര്‍ത്തിവച്ചു. രാവിലെ നടക്കേണ്ടിയിരുന്ന 10 ശസ്ത്രക്രിയകളാണ് മാറ്റിവച്ചത്. കോവിഡ് പ്രതിസന്ധി പരിഹരിക്കുന്നതിന് ആരോഗ്യസെക്രട്ടറി ഡിഎംഒമാരുടെ യോഗം വിളിച്ചു.

തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളാണ് മാറ്റിയത്. ആശുപത്രിയിലേക്ക് ഓക്‌സിജന്‍ നല്‍കിയിരുന്ന മൂന്ന് കമ്ബനികള്‍ കൃത്യസമയത്ത് ഓക്‌സിജന്‍ വിതരണം നടത്താത്തതാണ് കാരണമെന്ന് ഡയറക്ടര്‍ ജില്ല കളക്ടറെ അറിയിച്ചു . ഇതേ തുടര്‍ന്ന് ഐസ്‌ആര്‍ഒയില്‍ നിന്നുള്‍പ്പെടെ 40 സിലിണ്ടര്‍ ഓക്‌സിജന്‍ സിലിണ്ടര്‍ എത്തിച്ചതോടെ അടിയന്തര ശസ്ത്രക്രിയകള്‍ തുടങ്ങി.

ഉച്ചയ്ക്ക് ശേഷം 55 സിലിണ്ടര്‍ കൂടി എത്തുമെന്നും ഡയറക്ടര്‍ അറിയിച്ചു . കോവിഡ് ചികില്‍സ നടത്തുന്ന ആശുപത്രി അല്ല ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍. സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ കോവിഡ് ചികില്‍സക്കായി മാറ്റിയ ഐസിയുകളും വെന്റിലേറ്ററുകളും നിറഞ്ഞ സ്ഥിതിയാണുള്ളത്. സ്വകാര്യ മേഖലയിലാകട്ടെ ഇത് 85ശതമാനത്തിലേറെ കിടക്കകളും നിറഞ്ഞു. ഇനി രോഗം ഗുരുതരമാകുന്നവരുടെ എണ്ണം കൂടിയാല്‍ ഓക്‌സിജന്‍ ക്ഷാമം നേരിടേണ്ടിവരുമോയെന്ന ആശങ്കയിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍.

കോവിഡ് ആശുപത്രികള്‍ക്ക് ഓക്‌സിജന്‍ ഉറപ്പാക്കിയ ശേഷം മറ്റ് ആശുപത്രികള്‍ക്ക് നല്‍കാമെന്ന് നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇതാണ് സര്‍ക്കാര്‍ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ആശുപത്രിയായ ശ്രീചിത്രയിലെ ഓക്‌സിജന്‍ ക്ഷാമത്തിലേക്ക് നയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *