മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ ധ്യാനം; സി.എസ്.ഐ സഭാ നേതൃത്വത്തിനെതിരെ വിശ്വാസികളുടെ പരാതി

ഇടുക്കി: കോവിഡ് കാലത്ത് സിഎസ്‌ഐ സഭ മൂന്നാറില്‍ നടത്തിയ ധ്യാനം വിവാദത്തില്‍. ധ്യാനത്തില്‍ പങ്കെടുത്ത ബിഷപ്പ് അടക്കം 100ല്‍ അധികം വൈദികര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് പേര്‍ മരിച്ചു. അഞ്ചുപേരുടെ നില ഗുരുതരമാണ്. കോവിഡ് ബാധിച്ചവരില്‍ ദക്ഷിണ കേരള ഇടവക ബിഷപ്പും സിഎസ്‌ഐ മോഡറേറ്ററുമായ റവ. എ ധര്‍മരാജ് റസാലവും ഉള്‍പ്പെടുന്നു. അദ്ദേഹം വീട്ടില്‍ ക്വറന്റീനിലാണ്. കോവിഡ് മാനദണ്ഡം ലംഘിച്ചാണ് ധ്യാനം നടത്തിയതെന്നാണ് സഭാംഗങ്ങളുടെ തന്നെ ആക്ഷേപം.

ഏപ്രില്‍ 13 മുതല്‍ 17 വരെയായിരുന്നു മൂന്നാര്‍ സിഎസ്‌ഐ പള്ളിയില്‍ വൈദികരുടെ ധ്യാനം. ബിഷപ്പ് ധര്‍മരാജ് റസാലം നേതൃത്വം നല്‍കിയ ധ്യാനത്തില്‍ 350ഓളം വൈദികര്‍ പങ്കെടുത്തു. കോവിഡ് പരിഗണിച്ച്‌ ധ്യാനം മാറ്റിവെക്കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടെങ്കിലും പങ്കെടുക്കാത്തവര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതായും സഭയില്‍ നിന്നുള്ള വൃത്തങ്ങള്‍ പറയുന്നു. തിരുവനന്തപുരത്ത് നിന്ന് പ്രത്യേക ബസുകളിലാണ് വൈദികരെ മൂന്നാറില്‍ എത്തിച്ചത്. ധ്യാനത്തിനിടെ വൈദികര്‍ക്ക് ശരീരിക അസ്വസ്ഥകള്‍ അനുഭവപ്പെട്ടെങ്കിലും കാലവസ്ഥ വ്യതിയാനം നിമിത്തമെന്ന് കരുതി. തുടര്‍ന്ന് നാട്ടിലെത്തിയിട്ടും അസ്വസ്ഥതകള്‍ വിട്ടുമാറാതിരുന്നപ്പോള്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

കോവിഡ് ബാധിച്ച്‌ ഫാ. ബിജുമോന്‍ (52), ഫാ. ഷൈന്‍ ബി രാജ് (43) എന്നിവരാണ് മരിച്ചത്. വട്ടപ്പാറ്റയ്ക്ക് സമീപമുള്ള കഴുക്കോട് സിഎസ്‌ഐ ചര്‍ച്ചിലെ വൈദികനാണ് ബിജുമോന്‍. കഴിഞ്ഞ വ്യാഴാഴ്ചയാണ് ബിജുമോന്‍ മരിച്ചത്. തിരുമല പുന്നക്കാമുഗള്‍ സിഎസ്‌ഐ ചര്‍ച്ചിലെ വൈദികനായ ഷൈന്‍ ബി രാജ് ചൊവ്വാഴ്ച മരിച്ചു. കോവിഡ് ബാധിച്ച വൈദികര്‍ കാരക്കോണം ഡോ. സോമര്‍വെല്‍ സിഎസ്‌ഐ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ബാക്കിയുള്ളവര്‍ വീടുകളില്‍ ക്വറന്റീനിലാണ്.

ധ്യാനത്തിന് ശേഷം വൈദികര്‍ പള്ളികളിലെത്തി ആരാധനകളില്‍ പങ്കെടുത്തതിനാല്‍ വിശ്വാസികളും ആശങ്കയിലാണ്. 322 വൈദികരുടെ ധ്യാനം രണ്ട് സംഘങ്ങളായിട്ടാണ് നടത്തിയതെന്നും 24 വൈദികര്‍ക്ക് മാത്രമാണ് കോവിഡ് ബാധിച്ചതെന്നും സിഎസ്‌ഐ സഭ വിശദീകരിച്ചു. ധ്യാനത്തിന് അനുമതി തേടിയിരുന്നില്ലെന്നും ഏപ്രില്‍ 12 മുതല്‍ ജില്ലയില്‍ പൊതുപരിപാടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നെന്നും ഇടുക്കി ജില്ല ഭരണകൂടം വ്യക്തമാക്കി. പരമാവധി പരിപാടികള്‍ ഓണ്‍ലൈനായി നടത്തണമെന്ന ഉത്തരവ് നിലനില്‍ക്കുന്നതിനിടെയായിരുന്നു ധ്യാനം. അതേസമയം ഇതുസംബന്ധിച്ച്‌ പരാതി കിട്ടിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ധ്യാനം സംഘടിപ്പിച്ചതെന്നും സര്‍ക്കാരില്‍ നിന്നും അനുമതി ഉണ്ടായിരുന്നുവെന്നുമാണ് സഭാ നേതൃത്വം പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *