സ്വകാര്യ സ്‌കൂളുകളുടെ ഫീസ് ഈടാക്കലില്‍ സുപ്രധാന ഇടപെടലുമായി സുപ്രിംകോടതി

ന്യൂഡല്‍ഹി: കോവിഡ് കാലയളവിലെ സ്വകാര്യ സ്‌കൂളുകളുടെ ഫീസ് ഈടാക്കലില്‍ സുപ്രധാന ഇടപെടലുമായി സുപ്രിംകോടതി. ലോക്ക്ഡൗണ്‍ കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കാത്ത സൗകര്യങ്ങള്‍ക്ക് ഫീസ് വാങ്ങാന്‍ പാടില്ലെന്നും, വാര്‍ഷിക ഫീസില്‍ പതിനഞ്ച് ശതമാനം ഇളവ് നല്‍കണമെന്നും ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. സ്വകാര്യ സ്‌കൂളുകള്‍ കൊള്ളലാഭത്തിന് പിന്നാലെ പോകരുതെന്ന താക്കീതും നല്‍കി.

സ്വകാര്യ സ്‌കൂള്‍ ഫീസില്‍ നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ള രാജസ്ഥാന്‍ സര്‍ക്കാരിന്റെ തീരുമാനം ചോദ്യം ചെയ്ത് മാനേജ്മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രിംകോടതിയുടെ നിര്‍ണ്ണായക ഇടപെടല്‍. കോവിഡ് സാഹചര്യത്തില്‍ ബുദ്ധിമുട്ടുന്ന രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും കാര്യത്തില്‍ സ്വകാര്യ സ്‌കൂള്‍ മാനേജ്മെന്റുകള്‍ ക്രിയാത്മകമായി പ്രതികരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഫീസ് ലഭിച്ചില്ലെന്ന കാരണത്താല്‍ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് അടക്കം പഠനം നിഷേധിക്കരുതെന്നും, പരീക്ഷാഫലം പിടിച്ചുവയ്ക്കരുതെന്നും കോടതി പറഞ്ഞു. ഒരു കുട്ടിക്ക് പോലും വിദ്യാഭ്യാസം നിഷേധിക്കപ്പെടാത്ത തരത്തില്‍ സ്‌കൂള്‍ ഫീസ് ഈടാക്കല്‍ പുനഃക്രമീകരിക്കണമെന്നും, വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കാത്ത സൗകര്യങ്ങള്‍ക്ക് ഫീസ് വാങ്ങാന്‍ പാടില്ലെന്നും, അങ്ങനെ വാങ്ങിയാല്‍ അതിനെ കൊള്ളലാഭമായി കണക്കാക്കുമെന്നും കോടതി വ്യക്തമാക്കി.

നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്നും, 2020-21 അക്കാദമിക് വര്‍ഷത്തിലെ ഫീസ് നല്‍കാന്‍ സാമ്ബത്തിക ബുദ്ധിമുട്ടുണ്ടെന്ന് രക്ഷിതാക്കള്‍ നിവേദനം നല്‍കിയാല്‍ അക്കാര്യം അനുഭാവപൂര്‍വം പരിഗണിക്കണമെന്നും ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു

Leave a Reply

Your email address will not be published. Required fields are marked *

You may missed