കോവിഡ് വ്യാപനത്തിന് ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷന്‍: മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഇപ്പോഴത്തെ കോവിഡ് -19 വ്യാപനത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഉത്തരവാദിയെന്ന് മദ്രാസ് ഹൈക്കോടതി. നിരുത്തരവാദപരമായ പെരുമാറ്റത്തിന് കമ്മീഷനെതിരെ കൊലപാതകക്കുറ്റം ചുമത്തേണ്ടതാണെന്നും കോടതി അഭിപ്രായപ്പെട്ടു.

കോവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിക്കുന്നതില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികളെ തടയാതിരുന്നതിന് ചീഫ് ജസ്റ്റിസ് സഞ്ജിബ് ബാനര്‍ജിയുടെയും ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തിയുടെയും ആദ്യ ബെഞ്ച് തിരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ചു. “ഇന്നത്തെ അവസ്ഥയ്ക്ക് നിങ്ങള്‍ക്ക് മാത്രമാണ് ഉത്തരവാദിത്തം,” എന്ന് മദ്രാസ് ഹൈക്കോടതി കമ്മീഷനെ ലക്ഷ്യമിട്ട് പറഞ്ഞു.

“നിങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള അധികാരം പ്രയോഗിക്കുന്നതിനുള്ള പരിമിതികളില്ല. കോവിഡ് പ്രോട്ടോക്കോള്‍ സംരക്ഷിക്കണമെന്ന കോടതി ഉത്തരവുണ്ടായിട്ടും ‘രാഷ്ട്രീയപാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് റാലികള്‍ നടത്തുന്നത് തടയാന്‍ നിങ്ങള്‍ ഒരു നടപടിയും സ്വീകരിച്ചില്ല,” ഹൈക്കോടതി നിരീക്ഷിച്ചു. തിരഞ്ഞെടുപ്പ് റാലികള്‍ നടക്കുമ്ബോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മറ്റൊരു ഗ്രഹത്തിലായിരുന്നോ” എന്നും കോടതി ആരാഞ്ഞു.

വോട്ടെണ്ണല്‍ നടക്കുന്ന മെയ് രണ്ടിന് തന്റെ മണ്ഡലമായ കരൂരില്‍ ആള്‍ക്കൂട്ടമുണ്ടാവുന്നത് തടയാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഗതാഗത മന്തി എംആര്‍ വിജയഭാസ്കര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. 77 സ്ഥാനാര്‍ത്ഥികളാണ് കരൂരില്‍ നിന്ന് ജനവിധി തേടിയത്.

“അതിജീവനവും സംരക്ഷണവും” ആണ് ഇപ്പോള്‍ പ്രധാനമെന്നും “മറ്റെല്ലാം വരുന്നത് അതിനു ശേഷമാണ്” എന്നും കോടതി പറഞ്ഞു. മേയ് 2 ന് മുമ്ബ് വോട്ടെണ്ണല്‍ ദിനത്തില്‍ കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കുന്നത് ഉറപ്പാക്കാനുള്ള കരട് തയ്യാറാക്കാന്‍ ഇസി‌ഐ പരാജയപ്പെട്ടാല്‍ വോട്ടെണ്ണല്‍ നിര്‍ത്താന്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്നും കോടതി പറഞ്ഞു.

“മെയ് 2 ന് നടക്കുന്ന വോട്ടെണ്ണല്‍ കൂടുതല്‍ കുതിച്ചുചാട്ടത്തിന് ഒരു ഉത്തേജകമായി മാറരുത്. പൊതുജനാരോഗ്യം പരമപ്രധാനമാണ്. ഇക്കാര്യം ഭരണഘടനാ അധികാരികളെ ഓര്‍മ്മപ്പെടുത്തേണ്ടി വരുന്നത് സങ്കടകരമാണ്. ” കോടതി പറഞ്ഞു.

കേസ് ഏപ്രില്‍ 30 ന് വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *