സംസ്ഥാനത്ത് കോവിഡ്‌ തീവ്രവ്യാപനമെന്ന് മുഖ്യമന്ത്രി

ബാറുകളും, തീയേ‌റ്ററുകളും അടയ്‌ക്കും


വിവാഹ ചടങ്ങുകള്‍ക്ക് 50 പേരും മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേരുമായി നിജപ്പെടുത്തി


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്‌ രോഗവ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണം കടുപ്പിക്കേണ്ടി വരുമെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍.

ആള്‍ക്കൂട്ടമുണ്ടാക്കുന്ന സാമൂഹിക, സാംസ്‌കാരിക, മതപര പരിപാടികളും ഒഴിവാക്കണം. പള‌ളികളില്‍ നിയന്ത്രണങ്ങള്‍ തുടരും. ചെറിയ പള‌ളികളില്‍ ആള്‍ എണ്ണം വീണ്ടും കുറയ്‌ക്കും. സംസ്ഥാനത്ത് ലോക്‌ഡൗണ്‍ ഉണ്ടാകില്ല. എന്നാല്‍ വാരാന്ത്യത്തില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ നിയന്ത്രണം തുടരും. അത്യാവശ്യ സര്‍വീസുകളെ അന്ന് ഉണ്ടാകൂ. സര്‍ക്കാര്‍, അര്‍ത്ഥ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അന്ന് അവധി നല്‍കും. വിവാഹ ചടങ്ങുകള്‍ക്ക് 75 പേരെ എന്നത് 50 ആയി ചുരുക്കി.

വോട്ടെണ്ണല്‍ ദിവസങ്ങളില്‍ കൗണ്ടിംഗ് സെന്ററിലേക്ക് അതുമായി ബന്ധപ്പെട്ടവര്‍ക്ക് മാത്രമാകും പ്രവേശനം. പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും മാത്രമാണ് പ്രവേശന അനുമതിയുള‌ളു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വാക്‌സിന്‍ രണ്ട് ഘട്ടവും സ്വീകരിച്ചവരാകണം. അല്ലാത്തവര്‍ 72 മണിക്കൂറിനകം ടെസ്‌റ്റ് ചെയ്ത ആര്‍‌.ടി.പി.സി.ആര്‍ ഫലം കൈയില്‍ കരുതണം.

യോഗങ്ങള്‍ ഓണ്‍ലൈന്‍ വഴി നടത്തണമെന്നും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 50 ശതമാനം ജീവനക്കാര്‍ റൊട്ടേഷന്‍ മാതൃകയിലാണ് ജോലിനോക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ സ്ഥാപനങ്ങള്‍ പരമാവധി ആളെ കുറച്ച്‌ ജോലി ക്രമീകരിക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കോവിഡ്‌ മാരകമായ യു.കെ വകഭേദവും, ദക്ഷിണാഫ്രിക്കന്‍ വകഭേദവും കേരളത്തില്‍ പലയിടത്തും കണ്ടെത്തി. യു.കെ വകഭേദം കണ്ടെത്തിയത് വടക്കന്‍ കേരളത്തിലാണ്. അതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. സ്വകാര്യ വിദ്യാലയങ്ങളിലെ ക്ളാസുകള്‍ ഓണ്‍ലൈനായി മതി.

രാത്രി 9 മുതല്‍ പുലര്‍ച്ചെ 5 മണി വരെയുള‌ള നിയന്ത്രണം നിലവിലുണ്ട്. ഈ സമയം ഒരുവിധ ഒത്തുചേരലും പാടില്ല. അവശ്യ സര്‍വീസുകള്‍ക്ക് ഇളവുണ്ട്. നിയന്ത്രണങ്ങള്‍ തുടരേണ്ടി വരും. റെസ്‌റ്റോറന്റുകള്‍ 9 വരെ നടത്താം. എന്നാല്‍ 7.30ന് ശേഷം ടേക് എവെ സേവനമായിരിക്കണം. കഴിവതും ഹോം ഡെലിവറി സംവിധാനം പ്രോത്‌സാഹിപ്പിക്കണം. ജിമ്മുകള്‍, മാളുകള്‍, ബാറുകള്‍ എന്നിവയുടെ പ്രവര്‍ത്തനവും നിര്‍ത്തി. ഹോസ്‌റ്റലുകളിലും നിയന്ത്രണം വരും.

വാക്‌സിന്റെ കാര്യത്തില്‍ മുന്‍പ് പറഞ്ഞതുപോലെ വിതരണം സൗജന്യമായിരിക്കും. എല്ലായിടത്തും സൗജന്യമാക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 57 ലക്ഷത്തിലധികം പേര്‍ക്ക് ഒരു ഡോസും 10 ലക്ഷത്തിലധികം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 50 ലക്ഷം ഡോസ് വാക്‌സിന്‍ അധികമായി നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അത് ഇതുവരെ ലഭിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വാക്‌സിനുകള്‍ സ്വന്തം നിലയില്‍ വാങ്ങാന്‍ സംവിധാനം ഒരുക്കി. വാക്‌സിന്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ നടപടിയെടുക്കും.

കോവിഡ്‌ സാഹചര്യത്തില്‍ രക്തദാനത്തിന് ആളുകള്‍ തയ്യാറാകുന്നില്ല. 18നും 45നുമിടയില്‍ പ്രായമുള‌ളവര്‍ രക്തദാനം ചെയ്യാന്‍ തയ്യാറാകണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. രക്തദാനത്തിന് പ്രത്യേക ഇടപെടല്‍ നടത്താന്‍ രക്തദാന സംഘടനകളും യുവജന സംഘടനകളും ഇടപെടണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. 80 വയസ് കഴിഞ്ഞവര്‍ക്ക് വാക്‌സിന്‍ വീട്ടിലെത്തിക്കുന്നതിന് നടപടി ആലോചിക്കും.

ജയിലുകളില്‍ കൊവിഡ് പടരുന്നത് പരിഗണിച്ച്‌ പ്രത്യേക പരോള്‍ അനുവദിക്കണം എന്ന അഭ്യര്‍ത്ഥന സര്‍ക്കാര്‍ പരിഗണിക്കും. എന്നാല്‍ വാക്‌സിനേഷന്‍ നല്‍കുന്നതിനാകും ശ്രമിക്കുക. ഇ.എസ്.ഐ ആശുപത്രികളും കൊവിഡ് ചികിത്സാ കേന്ദ്രമാക്കുന്നത് ആരോഗ്യ വകുപ്പ് പരിശോധിക്കും. ഉല്‍പാദന, നിര്‍‌മ്മാണ മേഖലകള്‍ സ്തംഭിക്കരുത് എന്നാണ് സര്‍ക്കാര്‍ നിലപാട്. അതുകൊണ്ടാണ് സമ്ബൂര്‍ണ ലോക്‌ഡൗണ്‍ ഒഴിവാക്കുന്നത്. മുഖ്യമന്ത്രി പറഞ്ഞു.

തീവ്രമായ രോഗബാധയുടെ ഘട്ടത്തിലൂടെയാണ് കേരളം കടന്നുപോകുന്നത്. വടക്കേ ഇന്ത്യയിലെ സാഹചര്യം ഇവിടെയും വന്നുകൂടായ്‌കയില്ലെന്നും അതുകൊണ്ട് സാഹചര്യത്തിന്റെ ഗൗരവം എല്ലാവരും ഉള്‍ക്കൊള‌ളണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. തീവ്രമായ രോഗവ്യാപനമുള‌ളയിടത്ത് രണ്ട് മാസ്‌ക് ധരിക്കുന്നത് നല്ലതാണെന്ന് വിദഗ്ദ്ധര്‍ പറയുന്നുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ രണ്ട് മാസ്‌ക് ധരിക്കാവുന്നതാണ്. സാമൂഹ്യ അകലം പാലിക്കുന്നതിനും പ്രത്യേക ശ്രദ്ധ വേണം. ചായക്കട, തട്ടുകട എന്നിവയ്‌ക്ക് മുന്നില്‍ സാമൂഹിക അകലം പാലിക്കുന്നില്ല എന്ന് കാണുന്നു. ഇവിടെ നടപടിയെടുക്കാന്‍ പൊലീസിന് അനുമതിയേകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *