വാക്സിന്റെ പേരില്‍ അനാവശ്യഭീതി പ്രചരിപ്പിക്കരുത്: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: വാക്സിന്റെ പേരില്‍ അനാവശ്യ ഭീതി പ്രചരിപ്പിക്കുന്നതില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തിലാണ് സുരേന്ദ്രന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

മറ്റു സംസ്ഥാനങ്ങള്‍ വാക്സിന്‍ ബുക്ക് ചെയ്യുമ്ബോള്‍ കേരളത്തിന്റെ ഭാഗത്ത് നിന്നും അലസമായ സമീപനമാണുള്ളത്. എത്രയും പെട്ടെന്ന് ആവശ്യമായ വാക്സിനുകള്‍ ബുക്ക് ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഒച്ചിഴയുന്ന വേഗത്തിലാണ് സംസ്ഥാനത്ത് വാക്സിനേഷന്‍ നടക്കുന്നത്. കൂടുതല്‍ വാക്സിനേഷന്‍ സെന്ററുകള്‍ തുടങ്ങി ഈ പ്രശ്നം പരിഹരിക്കണം. പ്രൈവറ്റ് ലാബുകളിലെ ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ നിരക്ക് മൂന്നിലൊന്നായി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. മറ്റു സംസ്ഥാനങ്ങളെ ഈ കാര്യത്തില്‍ മാതൃകയാക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

ആര്‍ടിപിസിആര്‍ ടെസ്റ്റുകളുടെ ഫലം വരാനുള്ള കാലതാമസം ഒഴിവാക്കണം. ഇത് കൊറോണ വ്യാപനത്തിന് കാരണമാവും. നാലും അഞ്ചും ദിവസം വരെ ഫലത്തിനായി ആളുകള്‍ കാത്തുനില്‍ക്കുന്ന അവസ്ഥയാണുള്ളത്. ഭാവിയിലെ ഓക്സിജന്‍ ക്ഷാമം മുന്നില്‍ കണ്ട് കൂടുതല്‍ ഓക്സിജന്‍ സെന്ററുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. ഓക്സിജന്‍ പ്ലാന്റുകള്‍ തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഫണ്ട് ഉപയോഗിക്കണം. ലോക്ക്ഡൗണ്‍ കാലത്തെ പോലെ ഗുരുതരമല്ലാത്ത കുറ്റം ചെയ്ത ജയില്‍ പുള്ളികള്‍ക്ക് പരോള്‍ നല്‍കി ജയിലുകളിലെ കൊറോണ വ്യാപനം തടയാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

You may missed