കര്‍ണാടകയില്‍ 14 ദിവസം ലോക്ക് ഡൗണ്‍

ബംഗളൂരു:കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ രണ്ടാഴ്ചത്തേക്ക് സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു.

ഏപ്രില്‍ 27നു അര്‍ധരാത്രി മുതല്‍ ലോക്ക് ഡൗണ്‍ പ്രാബല്യത്തില്‍ വരും. രണ്ടാഴ്ചത്തേക്ക് ബെംഗളൂരു നഗരം ഉള്‍പ്പെടെ സംസ്ഥാനം മുഴുവന്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ അറിയിച്ചു. മന്ത്രിമാരോടും വിദഗ്ധരോടും സംസാരിച്ച ശേഷമാണ് തീരുമാനമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച രാവിലെ നടന്ന മന്ത്രിസഭാ യോഗത്തെ തുടര്‍ന്നാണ് തീരുമാനം. ഞായറാഴ്ച മാത്രം സംസ്ഥാനത്ത്ം 34,000 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 6 മുതല്‍ 10 വരെ തുറക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാനത്തെ 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കൊറോണ പ്രതിരോധ വാക്‌സിന്‍ കുത്തിവയ്പ്പുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി നല്‍കുമെന്നും കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. വാക്‌സിന് പണം നല്‍കണമെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനു തിരിച്ചടിയാണ് ബിജെപി ഭരിക്കുന്ന കര്‍ണാടക സര്‍ക്കാരിന്റേത്. സര്‍ക്കാര്‍ ആശുപത്രികളില്‍ 18-45 വയസ്സിനിടയിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ സൗജന്യമായിരിക്കും. 45 വയസ്സിനു മുകളിലുള്ളവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രതിരോധ കുത്തിവയ്പ്പ് സൗജന്യമായി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്ക് ഡൗണില്‍ ആര്‍ടിസി ബസുകളും ബാംഗ്ലൂര്‍ മെട്രോ സര്‍വീസുകളും ഉള്‍പ്പെടെയുള്ള പൊതുഗതാഗതം പ്രവര്‍ത്തിക്കില്ല. സാധനങ്ങള്‍ ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് കൊണ്ടുപോകാം. ഉല്‍പാദന മേഖലയിലെ നിര്‍മാണങ്ങള്‍, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ എന്നിവ അനുവദിക്കും, പക്ഷേ തൊഴിലാളികള്‍ അടുത്തടുത്ത് ഇരിക്കേണ്ടതിനാല്‍ വസ്ത്രനിര്‍മ്മാണ ഫാക്ടറികള്‍ക്കു വിലക്കുണ്ട്. സംസ്ഥാനത്ത് ഇനി ഓക്‌സിജന്റെ കുറവുണ്ടാകില്ല. വിതരണം 300 മെട്രിക് ടണ്ണില്‍ നിന്ന് 800 മെട്രിക് ടണ്ണായി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു.

വെന്റിലേറ്റര്‍, ഐസിയു കിടക്കകള്‍ എന്നിവയുടെ പ്രതിസന്ധിയിലാണ് സംസ്ഥാനം പ്രത്യേകിച്ചും തലസ്ഥാനമായ ബെംഗളൂരു. ആശുപത്രികളില്‍ പ്രവേശനം ലഭിക്കാന്‍ രോഗികള്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്.

തിങ്കളാഴ്ച രാവിലത്തെ കണക്കനുസരിച്ച്‌ കര്‍ണാടകയില്‍ 1.6 ലക്ഷത്തിലധികം സജീവ കേസുകളുണ്ട്. ഇതിന്റെ വെളിച്ചത്തില്‍ ഏപ്രില്‍ 24ന് ബെംഗളൂരുവില്‍ യോഗം ചേര്‍ന്ന സാങ്കേതിക ഉപദേശക സമിതിയിലെ ചില അംഗങ്ങള്‍ രണ്ടാഴ്ച ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഏപ്രില്‍ ആദ്യം മുതല്‍ കേസുകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ സംസ്ഥാനത്ത് ഇതിനകം രാത്രി കര്‍ഫ്യൂ, വാരാന്ത്യ ലോക്ക്ഡൗണ്‍ എന്നിവ നടപ്പിലാക്കുന്നുണ്ട്. ഏപ്രില്‍ മുതല്‍ ബെംഗളൂരുവില്‍ മരണത്തില്‍ വന്‍ വര്‍ധനവാണുണ്ടായത്. 1,170 കൊവിഡ് -19 മരണങ്ങളാണ് നഗരത്തില്‍ മാത്രം രേഖപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *