നിത്യോപയോഗ സാധനങ്ങൾ സപ്ലൈകോ ഓൺലൈനിൽ ലഭ്യമാക്കും

നിത്യോപയോഗ സാധനങ്ങൾ സപ്ലൈകോ ഓൺലൈനിൽ ലഭ്യമാക്കും
കോവിഡി-19ന്റെ പശ്ചാത്തലത്തിൽ കെപ്‌കോ, ഹോർട്ടികോർപ് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പലവ്യഞ്ജനങ്ങൾ, മത്സ്യം, മാംസം, പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ എന്നിവ സപ്ലൈകോ ഓൺലൈനിൽ ലഭ്യമാക്കും. ആദ്യഘട്ടത്തിൽ തിരുവനന്തപുരം വഴുതയ്ക്കാട് പ്രവർത്തിക്കുന്ന സപ്ലൈകോ ഹൈപ്പർമാർക്കറ്റിൽ 26 മുതൽ ഓൺലൈൻ പദ്ധതി ആരംഭിക്കും. തിരുവനന്തപുരം നഗരപരിധിയിലുള്ളവർക്ക് 8921731931 എന്ന വാട്‌സ് ആപ്പ് നമ്പരോ www.Bigcartkerala.com എന്ന വെബ്‌സൈറ്റോ ഇതിനായി ഉപയോഗിക്കാം.

നിയമസഭാ ദിനാചരണം: പുഷ്പാർച്ചന 27ന്
നിയമസഭാ ദിനാചരണത്തിന്റെ ഭാഗമായി ഏപ്രിൽ 27ന് രാവിലെ 9.30 ന് നിയമസഭാ സമുച്ചയത്തിലെ ദേശീയ നേതാക്കളുടെ പ്രതിമകളിൽ നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തും.

കെ.ആർ.ഡബ്ല്യു.എസ്.എയിൽ ഡെപ്യൂട്ടേഷൻ നിയമനം
കേരള സർക്കാർ നടപ്പിലാക്കുന്ന ശുദ്ധജലവിതരണ ശുചിത്വ പദ്ധതിയായ ജലനിധിയുടെ മലപ്പുറം റീജിയണൽ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് ഓഫീസിൽ റീജിയണൽ പ്രോജക്ട് ഡയറക്ടർ തസ്തികയിൽ അന്യത്രസേവന വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ള സർക്കാർ/അർദ്ധസർക്കാർ/പൊതുമേഖല സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർക്ക് അപേക്ഷിക്കാം.
10 വർഷം ഗ്രാമവികസനം അല്ലെങ്കിൽ ജലവിതരണ മേഖലയിൽ ജോലി ചെയ്തിട്ടുള്ള പ്രവൃത്തിപരിചയമാണ് യോഗ്യത. സാമൂഹ്യ അടിസ്ഥാനത്തിലുള്ള വികസന പദ്ധതികൾ/പ്രോജക്ട് മാനേജ്‌മെന്റ് എന്നിവയിലുള്ള അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം. സർക്കാർ/അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ സീനിയർ എക്‌സിക്യൂട്ടീവ് എൻജിനീയർ/ഡെപ്യൂട്ടി ഡെവലപ്‌മെന്റ് കമ്മീഷണർ എന്നീ തസ്തികയിൽ കുറയാത്ത റാങ്കിൽ ജോലിചെയ്യുന്നവർക്ക് അപേക്ഷിക്കാം.

ദേശീയ പഞ്ചായത്ത് ദിനാഘോഷം ഓൺലൈനായി നടത്തും
ദേശീയ പഞ്ചായത്ത് ദിനാഘോഷം ഏപ്രിൽ 24ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വെബ്കാസ്റ്റിംഗ് മുഖേന നടത്തും. പ്രധാനമന്ത്രി നരേന്ദ്രമോഡി മുഖ്യാതിഥിയായിരിക്കും. കേന്ദ്ര പഞ്ചായത്തീരാജ് വകുപ്പ് മന്ത്രി നരേന്ദ്രസിംഗ് തോമർ ആദ്ധ്യക്ഷത വഹിക്കും. സ്വമിത്വ എന്ന കേന്ദ്ര പദ്ധതിയെപ്പറ്റിയുള്ള പുസ്തകം പ്രധാനമന്ത്രി പ്രകാശനം ചെയ്യും. ഇ-പ്രോപ്പർട്ടി കാർഡ് വിതരണോദ്ഘാടനവും നിർവഹിക്കും. സംസ്ഥാനങ്ങളിലെ/കേന്ദ്രഭരണ പ്രദേശങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട 313 മികച്ച ഗ്രാമപഞ്ചായത്തുകൾക്ക് ദേശീയ പഞ്ചായത്ത് അവാർഡ് ജേതാക്കൾക്കുള്ള അവാർഡ് തുക ബാങ്ക് അക്കൗണ്ട് മുഖേന കൈമാറും.

വെബിനാർ 28ന്
ലോക തൊഴിൽ ആരോഗ്യ സുരക്ഷിതത്വ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ 28ന് കോവിഡ്-19 രണ്ടാം തരംഗം തൊഴിലിടങ്ങളിൽ തടയുന്നതിനുള്ള മാർഗ്ഗങ്ങൾ എന്ന വിഷയത്തിൽ ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ വെബിനാർ സംഘടിപ്പിക്കും. രാവിലെ 10.30 മുതൽ 12.30 വരെ ഗൂഗിൾ മീറ്റ് പ്ലാറ്റ് ഫോമിലാണ് വെബിനാർ. തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി (ഇൻ ചാർജ്) മിനി ആന്റണി ഉദ്ഘാടനം ചെയ്യും.
സംസ്ഥാനത്തെ ഫാക്ടറി തൊഴിലാളികൾ, ട്രേഡ് യൂണിയൻ പ്രതിനിധികൾ, ഫാക്ടറി ഉടമസ്ഥർ, ഫാക്ടറി മാനേജ്‌മെന്റ് പ്രതിനിധികൾ, വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർക്ക് വെബിനാറിൽ പങ്കെടുക്കാം. വെബിനാറിൽ പേര് രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് വകുപ്പിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്  (fabkerala.gov.in).
കോവിഡ്-19 വ്യാപനം തടയുന്നതിനായി തൊഴിലിടങ്ങളിൽ സ്വീകരിക്കേണ്ട പ്രായോഗിക സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച് അന്താരാഷ്ട്ര തൊഴിൽ സംഘടന മലയാളത്തിൽ തയ്യാറാക്കിയ വീഡിയോയുടെ പ്രദർശനം വെബിനാറിൽ ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *