വിശ്വാസികള്‍ക്കു സര്‍ക്കാര്‍ എല്ലാ സംരക്ഷണവും സൗകര്യവും നല്‍കുമെന്നു മുഖ്യമന്ത്രി

കോഴിക്കോട് : ശബരിമലയില്‍ പോകുന്ന വിശ്വാസികള്‍ക്കു സര്‍ക്കാര്‍ എല്ലാ സംരക്ഷണവും സൗകര്യവും നല്‍കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീം കോടതി വിധിയെ ആദ്യം പുകഴ്ത്തിയവര്‍ പിന്നീടു വിശ്വാസത്തിന്റെ പേരുപറഞ്ഞാണു മതനിരപേക്ഷത തകര്‍ക്കാന്‍ രംഗത്തിറങ്ങിയത്. ശബരിമലയില്‍ ഒരു വിവേചനവും പാടില്ലെന്ന സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ആര്‍എസ്എസിന്റെ ബി ടീമായി നില്‍ക്കാനാണു കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നു പിണറായി ആരോപിച്ചു. വര്‍ഗീയതയുമായി സമരസപ്പെടുന്നതു കൊണ്ടാണ് ഇപ്പോള്‍ ധാരാളംപേര്‍ കോണ്‍ഗ്രസില്‍നിന്നു വിട്ടുപോകുന്നത്. കോണ്‍ഗ്രസ് നേതാക്കളില്‍ പകുതിയിലധികം ആര്‍എസ്എസ് പക്ഷത്താണ്. കോണ്‍ഗ്രസ് നയത്തിന് ഒപ്പം നില്‍ക്കാത്ത നേതാക്കളാണ് ആ പാര്‍ട്ടിയിലുള്ളത്. രാഹുല്‍ ഗാന്ധിയുടെ നിലപാടുപോലും അംഗീകരിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്കു കഴിയുന്നില്ല.
നവോത്ഥാന കേരള നിര്‍മിതിയില്‍ ആര്‍എസ്എസ് ഒഴികെ എല്ലാവര്‍ക്കും പങ്കുണ്ട്. ഇപ്പോഴുള്ള നിറവെളിച്ചം തല്ലിക്കെടുത്തി അന്ധകാരത്തിലേക്കു കൊണ്ടുപോകാനാണു സംഘപരിവാര്‍ ശ്രമിക്കുന്നത്. കേന്ദ്രഭരണത്തിനെതിരെയുള്ള ജനരോഷത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്തതുകൊണ്ടാണു ബിജെപി വര്‍ഗീയ കാര്‍ഡ് പുറത്തിറക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *