ശബരിമലയില്‍ സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാന്‍ മുഖ്യമന്ത്രിയും സര്‍ക്കാരും തയാറാകണമെന്ന് ഉമ്മന്‍ചാണ്ടി

തൃപ്പൂണിത്തുറ: ശബരിമലയില്‍ സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാന്‍ മുഖ്യമന്ത്രിയും സര്‍ക്കാരും തയാറാകണമെന്ന് എഐസിസി വര്‍ക്കിങ് കമ്മിറ്റി അംഗം ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസ് വിശ്വാസികളുടെ ഒപ്പമാണ്, സുപ്രീംകോടതി വിധി വന്നതിനുശേഷമുള്ള നിലപാടല്ല അതിന് മുന്‍പും കോണ്‍ഗ്രസിന് നിലപാട് ഇതുതന്നെയാണ്. കോണ്‍ഗ്രസ് നല്‍കിയ അഫിഡവിറ്റ് പിണറായി സര്‍ക്കാര്‍ പിന്‍വലിച്ചില്ലായിരുന്നെങ്കില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിധി തന്നെ മറ്റ് അഞ്ച് ജഡ്ജിമാരുടെയും വിധിയായി മാറുമായിരുന്നെന്ന് ഉമ്മന്‍ ചാണ്ടി അവകാശപ്പെട്ടു.


വിശ്വാസം സംരക്ഷിക്കുക, വര്‍ഗീയത തുരത്തുക തുടങ്ങിയ മുദ്രാവാക്യവുമായി ഷാനിമോള്‍ ഉസ്മാന്‍ നയിക്കുന്ന കെപിസിസി വാഹന പ്രചാരണ ജാഥയ്ക്കു നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുപ്രീംകോടതി ശബരിമലയില്‍ എടുക്കുന്ന താല്‍പര്യംപോലും സര്‍ക്കാര്‍ എടുക്കുന്നില്ല. ഇതു വിശ്വാസികളോടും കേരളത്തിലെ ജനങ്ങളോടുമുള്ള വെല്ലുവിളിയാണ്. മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. എന്നാല്‍ യോഗം വിളിക്കുമ്പോള്‍ തന്നെ നിലപാടില്‍ മാറ്റമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പിന്നെ എന്തിനാണു സര്‍വകക്ഷിയോഗം വിളിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു. കണ്‍കറന്റ് ലിസ്റ്റില്‍ പെട്ട ഈ വിഷയത്തില്‍ കേന്ദ്രം ഓര്‍ഡിനന്‍സ് കൊണ്ടു വന്നാല്‍ ഈ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകും.

Leave a Reply

Your email address will not be published. Required fields are marked *