‘ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും’ ഫെയ്‌സ്ബുക്ക് അഡ്മിന്‍ ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: സമൂഹമാധ്യമങ്ങളിലുടെ മദ്യപാനം പ്രോല്‍സാഹിപ്പിച്ചെന്നും അനുമതി ഇല്ലാതെ മദ്യവിരുന്നു സംഘടിപ്പിച്ചെന്നും ആരോപിച്ച് കേസെടുത്ത ജിഎന്‍പിസി (‘ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും’) ഫെയ്‌സ്ബുക്ക് അഡ്മിന്‍ അജിത്ത് കുമാറിനോട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശം.

അന്വേഷണവുമായി സഹകരിക്കണമെന്നും ഉപയോഗിച്ച കംപ്യൂട്ടര്‍, ലാപ്ടോപ്പ്, മൊബൈലുകള്‍ എന്നിവയും ബാങ്ക് വിവരങ്ങളും കൈമാറണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കേസിലെ മുന്‍കൂര്‍ ജാമ്യഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണു പത്തു ദിവസത്തിനകം ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഫെയ്‌സ്ബുക് ഗ്രൂപ്പിലെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ തിരുവനന്തപുരം എക്‌സൈസ് റേഞ്ച് ഓഫിസറാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. മദ്യപാനം പ്രോല്‍സാഹിപ്പിക്കുന്ന പോസ്റ്റുകള്‍ തയാറാക്കാന്‍ കുട്ടികളുടെ ഉള്‍പ്പെടെ ചിത്രങ്ങള്‍ ഉപയോഗിച്ചെന്നും സ്വകാര്യഹോട്ടലില്‍ മദ്യം വിളമ്പിക്കൊണ്ടുള്ള ഡിജെ പാര്‍ട്ടി നടത്തിയെന്നുമാണു പ്രധാന ആരോപണങ്ങള്‍. എന്നാല്‍ ഹര്‍ജിക്കാരന്‍ ഇവ കോടതിയില്‍ ശക്തമായി എതിര്‍ത്തു.
ഡിജെ പാര്‍ട്ടി നടത്തിയെന്നു പ്രഥമദൃഷ്ട്യാ കരുതാവുന്നതാണെന്നാണു കോടതി വിലയിരുത്തല്‍. എന്നാല്‍ മദ്യകമ്പനികള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചെന്ന വാദത്തിനു തെളിവു നല്‍കാന്‍ എക്‌സൈസിനു സാധിച്ചില്ല. ഈ സാഹചര്യത്തിലാണു ചോദ്യം ചെയ്യലിനു ശേഷം ഹര്‍ജിക്കാരനെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കണമെന്നു കോടതി ആവശ്യപ്പെട്ടു. അറസ്റ്റ് ഉണ്ടാകുന്നപക്ഷം ജാമ്യാപേക്ഷയില്‍ കോടതിക്ക് ഉചിതമായ തീരുമാനം എടുക്കാമെന്നാണ് ഹൈക്കോടതി നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *