കഴക്കൂട്ടം മണ്ഡലത്തില്‍ വോട്ടിംഗ് യന്ത്രം സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോംഗ് റൂം തുറക്കാനുള്ള ശ്രമം പാളി

തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തില്‍ കേടായ വോട്ടിംഗ് യന്ത്രം സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോംഗ് റൂം തുറക്കാനുള്ള ശ്രമം ജില്ലാ ഭരണകൂടം ഉപേക്ഷിച്ചു. ബി.ജെ.പി, യു.ഡിഎഫ് പ്രവര്‍ത്തക‌ര്‍ പ്രതിഷേധിച്ചതോടെയാണ് റിട്ടേണിംഗ് ഓഫീസര്‍ നീക്കം ഉപേക്ഷിച്ചത്.

കേടായ മെഷീനുകള്‍ മാറ്റാനാണ് സ്ട്രോംഗ് റൂം തുറക്കാന്‍ തീരുമാനിച്ചതെന്ന് റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു. കഴക്കൂട്ടം മണ്ഡലത്തിലെ ബാലറ്റ് പെട്ടികള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോംഗ് റൂം തുറക്കാനുള്ള റിട്ടേണിംഗ് ഓഫീസറുടെ തീരുമാനം ഇന്ന് രാവിലെയാണ് രാഷ്ട്രീയ പാര്‍ട്ടികളെ അറിയിച്ചത്. തുറക്കാനുള്ള തീരുമാനത്തിന് ഒരു മണിക്കൂര്‍ മുമ്ബ് മാത്രമാണ് ബന്ധപ്പെട്ട പാര്‍ട്ടികളെ അറിയിച്ചതെന്നും ആക്ഷേപമുണ്ട്.

ഉദ്യോഗസ്ഥ ഭരണപക്ഷ നീക്കമാണ് സ്‌ട്രോംഗ് റൂം തുറക്കാനുള്ള ശ്രമത്തിന് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു. എതിര്‍പ്പ് അറിയിച്ചത് ബിജെപി, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മാത്രമാണെന്നും ഭരണപക്ഷ സ്ഥാനാര്‍ത്ഥിക്ക് യാതൊരു എതിര്‍പ്പും ഇല്ലെന്നും ഇതില്‍ അസ്വഭാവികതയുണ്ടെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി എസ്.എസ് ലാല്‍ പറഞ്ഞു. സാധാരണ സ്‌ട്രോംഗ് റൂം സീല്‍ ചെയ്ത് പൂട്ടിയാല്‍ വോട്ടെണ്ണല്‍  ദിവസം ജനപ്രതിനിധികളുടെ മുന്നില്‍വച്ച്‌ മാത്രമേ അത് തുറക്കാറുള്ളു. ഇത് പുതിയ കീഴ് വഴക്കം സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നു. ഉടനെ തിരഞ്ഞെടുപ്പ് വരാനില്ലെന്നും പിന്നെ എന്തിനാണ് കേടായ മെഷീന്‍ മാറ്റുന്നതെന്നും ഇക്കാര്യത്തില്‍ അസ്വഭാവികത ഉണ്ടെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *