നടൻ വിവേക് അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് നടൻ വിവേക് അന്തരിച്ചു. ഇന്ന് പുലർച്ചെ 4.35 ഓടെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇന്നലെയാണ് വിവേകിനെ ഹൃദയാഘാതം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായ നടനെ പിന്നീട് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. വിവേകിന്റെ നില അതീവ ഗുരുതരാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി വൈകിട്ടോടെ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി.

തമിഴ് കോമഡി താരങ്ങളിൽ ശ്രദ്ധേയനായ നടനാണ് വിവേക്. രജനികാന്തിനെയടക്കം സിനിമയിലെത്തിച്ച കെ. ബാലചന്ദറിന്റെ മാനതിൽ ഉരുതി വേണ്ടും എന്ന ചിത്രത്തിലൂടെയായിരുന്നു വിവേകിന്റെ അരങ്ങേറ്റം. ഒരു നുണക്കഥ എന്ന ചിത്രത്തിലൂടെ മലയാളത്തിലും സാന്നിധ്യമറിയിച്ചു വിവേക്. മധുര കോവിൽപ്പട്ടിയാണ് സ്വദേശം. വിവേകാനന്ദൻ എന്ന യഥാർഥ പേര് സിനിമയിലെത്തിയതോടെയാണ് വിവേകായി ചുരുങ്ങിയത്.

സാമി, ശിവാജി, അന്യൻ തുടങ്ങി ഇരുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മൂന്ന് തവണ തമിഴ്‌നാട് സർക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്‌കാരം നേടിയ വിവേക് 2009 ൽ പത്മശ്രീയും നേടി. കമൽഹാസന്റെ ഇന്ത്യൻ-2 ആണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

 

Leave a Reply

Your email address will not be published. Required fields are marked *