നമ്ബി നാരായണനെതിരെ വ്യാജമൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചത് രമണ്‍ ശ്രീവാസ്‌തവ: ഫൗസിയ ഹസന്‍

കൊച്ചി:ഐ എസ് ആര്‍ ഒ ചാരക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി കേസില്‍ പ്രതിയായിരുന്ന ഫൗസിയ ഹസന്‍. രമണ്‍ ശ്രീവാസ്‌തവ ഉള്‍പ്പടെയുളളവരാണ് നമ്ബി നാരായണനെതിരെ വ്യാജമൊഴി നല്‍കാന്‍ തന്നെ നിര്‍ബന്ധിച്ചതെന്ന് ഫൗസിയ പറ‌ഞ്ഞു.

നമ്ബി നാരായണനും ശശികുമാറിനുമെതിരെ മൊഴി വേണമെന്നാണ് പറഞ്ഞത്. വിസമ്മതിച്ചപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നും മകളെ തന്റെ മുന്നിലിട്ട് ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഫൗസിയ പറഞ്ഞു. ഒരു സ്വകാര്യ ചാനലിനോടാണ് ഫൗസിയ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഗതികെട്ടാണ് ക്യാമറയ്‌ക്ക് മുന്നില്‍ വ്യാജമൊഴി നല്‍കിയത്. എല്ലാവരും ചേര്‍ന്ന് തന്നെ ചാരവനിതയാക്കി. തനിക്ക് നമ്ബി നാരായണന്റെ പേര് പോലും അറിയില്ലായിരുന്നു. മൊഴി നല്‍കുന്ന സമയത്ത് ക്യാമറയ്ക്ക് പിന്നില്‍ നിന്ന് നമ്ബി നാരായണന്റെ പേര് എഴുതി കാണിക്കുകയായിരുന്നു. അത് നോക്കിയാണ് താന്‍ ആ പേര് വായിച്ചത്. അപ്പോഴൊക്കെ അത് നിരീക്ഷിച്ചുകൊണ്ട് രമണ്‍ ശ്രീവാസ്‌തവ അവിടെ ഉണ്ടായിരുന്നു. നമ്ബി നാരായണനെ ആദ്യം കാണുന്നത് ചോദ്യം ചെയ്യുന്ന മുറിയില്‍ വച്ചാണെന്നും ഫൗസിയ വെളിപ്പെടുത്തി.

അന്ന് മര്‍ദ്ദനമേറ്റതിനെ തുടര്‍ന്നുളള കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ തനിക്ക് ഇപ്പോഴുമുണ്ട്. നമ്ബി നാരായണന് ലഭിച്ചത് പോലെയുളള നഷ്‌ടപരിഹാരം തനിക്കും വേണമെന്നും ഫൗസിയ പറയുന്നു. മാലി സ്വദേശിനിയായ ഫൗസിയ ഇപ്പോള്‍ ശ്രീലങ്കയിലെ കൊളംബോയിലാണ് താമസിക്കുന്നത്. ചാരക്കേസിലെ ഗൂഢാലോചന സി ബി ഐ അന്വേഷിക്കുമ്ബോള്‍ ഫൗസിയയുടെ വെളിപ്പെടുത്തലുകളും നിര്‍ണായകമാകും. സി ബി ഐ ആവശ്യപ്പെട്ടാല്‍ അന്വേഷണത്തോട് സഹകരിക്കുമെന്ന് ഫൗസിയ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You may missed