സര്‍ക്കാര്‍ പത്രക്കുറിപ്പുകള്‍ 13-11-2018

പച്ചക്കറി ഉത്പാദനത്തില്‍ അടുത്ത വര്‍ഷം
കുതിച്ചുചാട്ടമുണ്ടാകും: കൃഷിമന്ത്രി

ഓണത്തിന് ഒരു മുറം പച്ചക്കറി അടക്കമുള്ള പദ്ധതികള്‍ അടുത്ത സാമ്പത്തിക വര്‍ഷം കൂടുതല്‍ വിപുലമായി നടപ്പാക്കുമെന്നും ഇതോടെ പച്ചക്കറി ഉത്പാദന രംഗത്തു കുതിച്ചുചാട്ടമുണ്ടാകുമെന്നും കൃഷിമന്ത്രി അഡ്വ. വി.എസ്. സുനില്‍ കുമാര്‍. പ്രളയത്തില്‍ നശിച്ച കാര്‍ഷിക മേഖലയെ കൈപിടിച്ചുയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ‘പുനര്‍ജനി’ പദ്ധതിയുടെ ഭാഗമായി ഒരു കോടി പച്ചക്കറി തൈകള്‍ സൗജന്യമായി വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

PRESS RELEASE 13-11-2018

പ്രളയത്തില്‍ അകപ്പെട്ട കാര്‍ഷിക മേഖലയുടെ പുനരുജ്ജീവനത്തിനായി സര്‍ക്കാര്‍ ഹ്രസ്വ – ദീര്‍ഘകാല പരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുകയാണെന്നു മന്ത്രി പറഞ്ഞു. അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളാണു ‘പുനര്‍ജനി’-യില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രളയശേഷം മണ്ണിന് വലിയ മാറ്റം സംഭവിച്ചതായാണു പഠനങ്ങള്‍. ഇതില്‍നിന്നു കരയേറാനുള്ള മാര്‍ഗങ്ങളും, പ്രളയത്തിനു മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ അധികമായി കൃഷി ചെയ്യുന്നതിന് കര്‍ഷകരെ പ്രാപ്തരാക്കുന്നതിനുമുള്ള മാര്‍ഗങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ കര്‍മ പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കുടപ്പനക്കുന്ന് കൃഷിഭവന്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ തിരുവനന്തപുരം ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, കൗണ്‍സിലര്‍മാരായ വി. കൃഷ്ണന്‍കുട്ടി നായര്‍, എസ്. അനിത, കൃഷിവകുപ്പ് ഡയറക്ടര്‍ ഡോ. പി.കെ. ജയശ്രീ, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫിസര്‍ വി.ആര്‍. രേഖ തുടങ്ങിയവര്‍ പ്രസംഗിച്ചു.
(പി.ആര്‍.പി. 2633/2018)

നെടുമങ്ങാട് സബ് ട്രഷറി പുതിയ കെട്ടിടം
ഉദ്ഘാടനം ഇന്ന് (നവംബര്‍ 14)

നെടുമങ്ങാട് റവന്യൂ ടവര്‍ കോംപൗണ്ടില്‍ നിര്‍മിച്ച സബ് ട്രഷറിയുടെ പുതിയ കെട്ടിടം ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഇന്ന് (നവംബര്‍ 14) ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് സി. ദിവാകരന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡോ. എ. സമ്പത്ത് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, നെടുമങ്ങാട് മുനിസിപ്പല്‍ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

(പി.ആര്‍.പി. 2634/2018)

ക്ലാര്‍ക്ക് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തില്‍ ക്ലാര്‍ക്ക് കം ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ഡി.സി.എയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ്, മലയാളം ഭാഷകള്‍ നന്നായി എഴുതാനും കമ്പ്യൂട്ടര്‍ സംബന്ധിച്ച അറിവും ഉണ്ടായിരിക്കണം. 2018 ഏപ്രില്‍ ഒന്നിന് 36 വയസ് കടക്കാത്തവരായിരിക്കണം അപേക്ഷകര്‍. പ്രതിമാസ വേതനം 19,000 രൂപ. നവംബര്‍ 17 ന് വൈകിട്ട് അഞ്ചിന് മുന്‍പ് അഡീഷണല്‍ ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് (മെഡിക്കല്‍) ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസസ്, തിരുവനന്തപുരം 695035 എന്ന വിലാസത്തില്‍ അപേക്ഷകള്‍ ലഭിക്കണം.

(പി.ആര്‍.പി. 2635/2018)

വോട്ടര്‍പട്ടിക പുതുക്കല്‍: കളക്ടറേറ്റില്‍ യോഗം

വോട്ടര്‍പട്ടിക പുതുക്കല്‍ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനുള്ള അവലോകന യോഗം കളക്ടറേറ്റില്‍ നടന്നു. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ജില്ലയിലെ ഇലക്ട്രല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ലോകസഭാ തെരഞ്ഞെടുപ്പ് ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച് നടത്തണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശിച്ചു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍ വേഗത്തിലാക്കാനും യോഗം തീരുമാനിച്ചു.

(പി.ആര്‍.പി. 2636/2018)

വ്യാജപ്രചാരണം: കരുതല്‍ വേണം

സംസ്ഥാന കൈത്തറി വികസന വകുപ്പ് നടത്തിവരുന്ന പദ്ധതിയെന്ന വ്യാജേന തിരുവനന്തപുരം ബാലരാമപുരം കേന്ദ്രീകരിച്ച് നെയ്ത്ത്കാര്‍ക്ക് സര്‍ക്കാരില്‍ നിന്നും ഗ്രാന്റ് അനുവദിച്ച് നല്‍കുന്നതിനായി ചില വ്യാജ ഏജന്‍സികള്‍ നെയ്ത്തുകാരെ കബളിപ്പിച്ച് വരുന്നതായി ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു. ഒരു ഏജന്‍സിയേയും ഇക്കാര്യത്തില്‍ വകുപ്പ് ചുമതലപ്പെടുത്തിയിട്ടില്ല എന്നും ഇത്തരം വ്യാജ പ്രചാരണങ്ങളാല്‍ നെയ്ത്തുകാര്‍ക്ക് ഉണ്ടാകുന്ന നഷ്ടത്തിന് വകുപ്പ് ഉത്തരവാദിയാകില്ലെന്നും കൈത്തറി വകുപ്പ് നടത്തുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തിലോ, താലൂക്ക് വ്യവസായ ഓഫീസുകളിലോ ബന്ധപ്പെട്ട കൈത്തറി ഇന്‍സ്പെക്ടര്‍ ഓഫീസിലോ അന്വേഷിച്ച് മനസിലാക്കാവുന്നതാണെന്നും അറിയിപ്പില്‍ പറയുന്നു.

(പി.ആര്‍.പി. 2637/2018)

ലാബ് ടെക്നീഷ്യന്‍: വാക്ക് ഇന്‍ ഇന്റര്‍വ്യൂ

നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ ഒഴിവുള്ള ഒരു ലാബ് ടെക്നീഷ്യന്‍ തസ്തികയിലേയ്ക്ക് താല്‍ക്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ നവംബര്‍ 22 രാവിലെ 10.30 ന് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ നടക്കും.

എസ്.എസ്.എല്‍.സിയും ഏതെങ്കിലും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും എം.എല്‍.റ്റി. അല്ലെങ്കില്‍ ബി.എസ്.സി. എം.എല്‍.റ്റി ആണ് യോഗ്യത. കുറഞ്ഞത് ആറുമാസം ഫുള്ളി ഓട്ടോമാറ്റിക് ബയോ കെമിസ്ട്രി അനലൈസര്‍, ഹീമറ്റോളജി അനലൈസര്‍ എന്നിവ പ്രവര്‍ത്തിച്ചുള്ള പരിചയമുണ്ടാകണം. ഉയര്‍ന്ന പ്രായപരിധി 40 വയസ്. അഭിമുഖത്തിനെത്തുന്നവര്‍ വിദ്യാഭ്യാസ യോഗ്യതകള്‍, പ്രായം പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും ബയോഡേറ്റയും ഹാജരാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) അറിയിച്ചു.

(പി.ആര്‍.പി. 2638/2018)

പാറശാല ബ്ലോക്ക് പഞ്ചായത്ത്;
വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങളുടെ പൊതുയോഗം സംഘടിപ്പിച്ചു

പാറശ്ശാല ബ്ലോക്ക് പഞ്ചായത്തില്‍ 2019-20 വാര്‍ഷിക പദ്ധതി വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങളുടെ പൊതുയോഗം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍ സലൂജ ഉദ്ഘാടനം ചെയ്തു. പുതുതായി രൂപീകരിച്ച ദുരന്ത നിവാരണം, കാലാവസ്ഥാ വ്യതിയാനം ജൈവ വൈവിധ്യ മാനേജ്‌മെന്റ്, പരിസ്ഥിതി സംരക്ഷണം എന്നിവ ഉള്‍പ്പെടെ 14 വര്‍ക്കിംഗ് ഗ്രൂപ്പുകളായി തിരിഞ്ഞാണ് ചര്‍ച്ച നടന്നത്. പൊതുസ്ഥലങ്ങളില്‍ ഷീ ടോയ്‌ലറ്റ് സ്ഥാപിക്കല്‍, കലാകാര•ാര്‍ക്ക് വജ്രജൂബിലി ഫെലോഷിപ്പ്, എല്ലാ വീടുകളിലും മാലിന്യ സംസ്‌കരണ ബോധവത്ക്കരണം, നീന്തല്‍കുളം നിര്‍മാണം, അങ്കണവാടി കുട്ടികള്‍ക്ക് ബ്ലോക്ക്തല ബാലമേള തുടങ്ങി നിരവധി പദ്ധതികളെ സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു. പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട ധാരാളം നൂതന പദ്ധതികളും ചര്‍ച്ചയില്‍ വിഷയമായി.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ആര്യദേവന്‍, ബ്ലോക്ക് ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ ബിജു, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാ•ാര്‍, ബ്ലോക്ക് മെമ്പര്‍ കെ. സന്തോഷ് കുമാര്‍, പൂവാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത കുമാരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, പാറശാല ബി.ഡി.ഒ, നിര്‍വഹണ ഉദ്യോഗസ്ഥര്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

(പി.ആര്‍.പി. 2639/2018)

വൈദ്യുതി മുടങ്ങും

കഴക്കൂട്ടം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കഴക്കൂട്ടം ജംഗ്ഷന്‍ മുതല്‍ വെട്ടുറോഡ് വരെ ഇന്ന് (നവംബര്‍ 14) രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും.

കാച്ചാണി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പീപ്പിള്‍സ് നഗര്‍, കാച്ചാണി സ്‌ക്കൂള്‍ എന്നീ പ്രദേശങ്ങളില്‍ ഇന്ന് (നവംബര്‍ 14) രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും.

പൂജപ്പുര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ത്രിവിക്രമമംഗലം, തമലം, ലങ്ക എന്നീ ട്രാന്‍സ്ഫോര്‍മറുകളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (നവംബര്‍ 14) രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും.

പൂന്തുറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ പുല്‍ത്തോട്ടം ട്രാന്‍സ്ഫോര്‍മറുകളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (നവംബര്‍ 14) രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.

(പി.ആര്‍.പി. 2640/2018)

Leave a Reply

Your email address will not be published. Required fields are marked *