പിസി തോമസ് വിഭാഗം ജോസഫ് വിഭാഗവുമായി ലയിച്ച്‌ യുഡിഎഫിലേക്ക്

കോട്ടയം:  സീറ്റ് വിഭജന തര്‍ക്കത്തിന് പിന്നാലെ എന്‍ഡിഎ വിട്ട കേരള കോണ്‍ഗ്രസ് പി സി തോമസ് വിഭാഗം ജോസഫ് വിഭാഗവുമായി ലയിച്ച്‌ യുഡിഎഫിലേക്ക്. ജോസഫ് ഗ്രൂപുമായി സഹകരിച്ച്‌ മുന്നോട്ട് പോകുമെന്ന് പി സി തോമസ് ലയന സമ്മേളനത്തില്‍ പറഞ്ഞു. പി ജെ ജോസഫാണ് ഇനി കേരള കോണ്‍ഗ്രസിന്റെ ചെയര്‍മാന്‍. പിസി തോമസ് ഡെപ്യൂടി ചെയര്‍മാനാകും.

കേരള കോണ്‍ഗ്രസ് എന്ന പേരാണ് പിസി തോമസ് വിഭാഗത്തിന്റേത്. ഈ പേരിന് തെരഞ്ഞെടുപ്പ് കമീഷന്‍റെ അനുമതിയും ഉണ്ട്. ലയനത്തോടെ ജോസഫ് വിഭാഗവും കേരള കോണ്‍ഗ്രസ് ആകും. കസേരയാണ് പിസി തോമസ് വിഭാഗത്തിന്‍റെ ചിഹ്നം.

ജോസ് കെ മാണി വിഭാഗവുമായുള്ള കേസില്‍ രണ്ടില ചിഹ്നവും പാര്‍ടിയുടെ പേരും നഷ്ടപ്പെട്ട ജോസഫ് വിഭാഗത്തിന്റെ താത്പര്യ പ്രകാരമാണ് ലയനം നടന്നത്.

ലയന ശേഷം നടന്ന യുഡിഎഫിന്റെ കടുത്തുരുത്തി മണ്ഡലം കണ്‍വന്‍ഷന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. പിസി തോമസിന്റെ വരവ് യുഡിഎഫിന് ശക്തിപകരുമെന്നും, പിന്‍വാതില്‍ നിയമനത്തിനും അഴിമതിക്കുമെതിരെ ജനങ്ങള്‍ക്ക് പ്രതികരിക്കാനുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടികാട്ടി.

രണ്ടില ചിഹ്നവും കേരള കോണ്‍ഗ്രസ് എം എന്ന പേരും നഷ്ടപ്പെട്ട ജോസഫ് വിഭാഗത്തിന് നിയമസഭ തെരഞ്ഞെടുപ്പിനു മുമ്ബ് പുതിയ പാര്‍ടിയുടെ രജിസ്ട്രേഷന്‍ സാധ്യമല്ലാതെ വന്നതോടെയാണ് പിസി തോമസ് വിഭാഗവുമായി ലയിക്കാന്‍ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *