പതിനായിരം ജന്‍ഔഷധി കേന്ദ്രങ്ങള്‍ തുറക്കും: പ്രധാനമന്ത്രി

ന്യൂഡല്‍ഹി : കുറഞ്ഞ വരുമാനക്കാരായ ജനങ്ങള്‍ക്ക് ആശ്വാസകരമായ ജന്‍ഔഷധി കേന്ദ്രങ്ങളുടെ എണ്ണം പതിനായിരമായി വര്‍ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഷില്ലോങ്ങില്‍ ആരംഭിച്ച 7500ാമത് ജന്‍ഔഷധി കേന്ദ്രത്തിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

മാര്‍ച്ച്‌ ഒന്നൂ മുതല്‍ ഏഴു വരെ ജന്‍ഔഷധി വാരമായി ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ചടങ്ങ് നടന്നത്. അവശ്യമരുന്നുകള്‍ക്ക് വന്‍വില ഈടാക്കുന്ന സാഹചര്യത്തിലാണ് പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കുമായി കേന്ദ്രസര്‍ക്കാര്‍ പദ്ധതി ആരംഭിച്ചത്. ജനങ്ങള്‍ക്ക് ജന്‍ഔഷധി കേന്ദ്രങ്ങളെ മോദി കീ ദൂക്കാന്‍(മോദിയുടെ കട) എന്ന് വിളിക്കാനാണ് ഇഷ്ടമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജന്‍ഔഷധി കേന്ദ്രങ്ങളില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ ലഭിക്കുന്ന അവസരങ്ങള്‍ എല്ലാ ജനങ്ങളും പരമാവധി പ്രയോജനപ്പെടുത്തണം. രണ്ടര രൂപയ്ക്ക് സാനിറ്ററി പാഡുകള്‍ സ്ത്രീകള്‍ക്ക് ലഭ്യമാണ്, മോദി പറഞ്ഞു.

വിപണിയിലെ നിരക്കിനേക്കാള്‍ 50 മുതല്‍ 90 ശതമാനം വരെ വിലക്കുറവില്‍ ജന്‍ഔഷധി കേന്ദ്രങ്ങള്‍ വഴി പ്രധാനപ്പെട്ട 75 മരുന്നുകളാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്. നടപ്പു സാമ്ബത്തിക വര്‍ഷം മരുന്നുവിലയില്‍ 3,600 കോടി രൂപ ലാഭിക്കാന്‍ ജനങ്ങള്‍ക്ക് സാധിച്ചതായാണ് കണക്കുകള്‍. രാജ്യത്താകമാനം വ്യാപിച്ച ജന്‍ഔഷധി കേന്ദ്രങ്ങള്‍ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ഒരുക്കി നല്‍കുന്നതായും മോദി പറഞ്ഞു. നൂറ് കേന്ദ്രങ്ങളില്‍ നിന്നാണ് ആറു വര്‍ഷംകൊണ്ട് 7,500 കേന്ദ്രങ്ങളിലേക്ക് എത്തിയത്. എത്രയും വേഗം കേന്ദ്രങ്ങളുടെ എണ്ണം 10,000 ആക്കി വര്‍ധിപ്പിക്കണം. ആയിരത്തിലധികം കേന്ദ്രങ്ങള്‍ വനിതകളാണ് നടത്തുന്നത്. പദ്ധതിയുടെ പ്രോത്സാഹനത്തിനായി ഇന്‍സെന്റീവായി രണ്ടര ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെയും അധിക ഇന്‍സെന്റീവായി രണ്ടു ലക്ഷം രൂപയും ദളിത്, ആദിവാസി വനിതകള്‍ക്കും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കും ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ ആരോഗ്യ മേഖലയുടെ വികസനത്തിനായി വിവിധ സംസ്ഥാനങ്ങളില്‍ എയിംസുകള്‍ സ്ഥാപിച്ച സര്‍ക്കാരാണിത്. 2014ല്‍ 55,000 മെഡിക്കല്‍ സീറ്റുകള്‍ ഉണ്ടായിരുന്നത് ആറുവര്‍ഷം കൊണ്ട് 85,000 ആക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. ആറുവര്‍ഷം കൊണ്ട് ഒന്നര ലക്ഷം ആരോഗ്യ കേന്ദ്രങ്ങള്‍ ഗ്രാമങ്ങളില്‍ തുറന്നതായും പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *