മതേതരത്വമാണ് ഇന്ത്യയുടെ പാരമ്പര്യത്തിന് ഏറ്റവും വലിയ ഭീഷണി: യോഗി ആദിത്യനാഥ്

ലക്‌നൗ: ആഗോള തലത്തിൽ ഇന്ത്യയുടെ പാരമ്പര്യത്തിന് ഏറ്റവും വലിയ ഭീഷണി ഉയർത്തുന്നത് മതേതരത്വമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ശുദ്ധവും സന്മാർഗികവും ആരോഗ്യകരവുമായ ജീവിതം നമ്മൾ നയിക്കണം. സ്വന്തം ലാഭത്തിനായി ആളുകളില്‍ തെറ്റിദ്ധാരണ പരത്തുന്നവരെയും രാജ്യത്തെ ഒറ്റിക്കൊടുക്കുന്നവരെയും വെറുതെ വിടില്ലെന്നും യോഗി മുന്നറിയിപ്പ് നല്‍കി. രാമായണം ഗ്ലോബല്‍ എൻസൈക്ലോപീഡിയയുടെ ആദ്യ എഡിഷന്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിസ്സാരമായ സാമുദായിക തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്നതിലൂടെ രാജ്യത്തിന്‍റെ ഐക്യം തകര്‍ക്കരുത്. തുച്ഛമായ സാമ്പത്തിക ലാഭത്തിന് വേണ്ടി ഇന്ത്യയെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തുന്ന ആളുകള്‍ അതിന്റെ അനന്തരഫലം നേരിടേണ്ടിവരുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

രാമായണത്തിലെ സ്ഥലങ്ങളും കഥാപാത്രങ്ങളും യഥാര്‍ഥത്തിലുണ്ടായിരുന്നുവെന്നും യോഗി ആദിത്യനാഥ് അവകാശപ്പെട്ടു. ഇപ്പോഴും ചിലര്‍ അയോധ്യയിൽ രാമൻ ഉണ്ടായിരുന്നോ എന്ന് സംശയം പ്രകടിപ്പിക്കാറുണ്ട്. ചരിത്ര സത്യങ്ങൾ അവഗണിക്കാനാവില്ല. ഇത് വെറും സങ്കല്പമല്ല. പുഷ്പക വിമാനത്തിൽ ശ്രീലങ്കയിൽ നിന്ന് രാമൻ തിരികെ വന്നു. ആ സമയത്ത് വിമാനങ്ങൾ ഉണ്ടായിരുന്നു. അക്കാലത്തെ ശാസ്ത്രത്തിൽ നിന്ന് നമുക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. 1947ന് മുന്‍പ് പാകിസ്താന്‍ ഇന്ത്യയുടെ ഭാഗമായിരുന്നു. മര്യാദാപുരുഷോത്തമനായ ശ്രീരാമന്‍ രാജ്യത്തിന്‍റെ അതിര്‍ത്തി വിശാലമാക്കി. സഹോദരന്‍റെ മകനെ പാകിസ്താന്‍ ഭരണാധികാരിയാക്കിയെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

അയോധ്യ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആണ് രാമായണം എൻസൈക്ലോപീഡിയയുടെ ഗ്ലോബൽ എഡിഷൻ തയ്യാറാക്കിയത്. ഇ-ബുക്ക് ആണിത്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന്‍റെ പശ്ചാത്തലത്തിലുള്ള രാമായണ എന്‍സോക്ലൈപീഡിയയുടെ പ്രകാശനം ഏറെ പ്രത്യേകതയുള്ളതാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *