മുട്ടിലിഴഞ്ഞ് സമരം ചെയ്‌ത് എല്‍ ജി എസ് റാങ്ക് ജേതാക്കള്‍

തിരുവനന്തപുരം: സെക്രട്ടറിയേ‌റ്റിനു മുന്നില്‍ ലാസ്‌റ്റ് ഗ്രേഡ് സര്‍വന്റ്‌സ് റാങ്ക് പട്ടികയിലെ ഉദ്യോഗാര്‍ത്ഥികള്‍ നിയമനത്തിനായി നടത്തുന്ന സമരം ഇന്നും ശക്തം. നിയമനത്തിനായി മുട്ടിലിഴഞ്ഞ് സര്‍ക്കാരിനോട് അപേക്ഷിച്ചാണ് ഇന്ന് ഉദ്യോഗാര്‍ത്ഥികള്‍ സമരം ചെയ്യുന്നത്. പൊരിവെയിലില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളില്‍ പലരും കുഴഞ്ഞുവീണു.എന്തുവന്നാലും തങ്ങളുടെ സഹനസമരം തുടരുമെന്നാണ് ഇന്നും ഉദ്യോഗാര്‍ത്ഥികള്‍ അറിയിച്ചത്. കുഴഞ്ഞുവീണവരെ ആശുപത്രിയിലേക്ക് മാ‌റ്റിയിട്ടുണ്ട്.

കഴിഞ്ഞയാഴ്‌ച സമരത്തില്‍ പങ്കെടുത്ത ഉദ്യോഗാര്‍ത്ഥികളില്‍ ചിലര്‍ ആത്മഹത്യാ ശ്രമം നടത്തിയതും മണ്ണെണ്ണ ദേഹത്തൊഴിച്ച്‌ സമരം നടത്തിയതും വലിയ വിമര്‍ശനത്തിന് ഇടയാക്കി. തുടര്‍ന്ന് സഹനസമര രീതിയിലേക്ക് മാറിയ ഉദ്യോഗാ‌ര്‍ത്ഥികള്‍ കഴിഞ്ഞ ദിവസം അവരുടെ കുടുംബവുമൊത്ത് സമരം ചെയ്‌തിരുന്നു. ശയനപ്രദക്ഷിണമായിരുന്നു കഴിഞ്ഞ ദിവസത്തെ സമരമാര്‍ഗം.

ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ അനുഭാവ പൂര്‍ണമായ ഒരു തീരുമാനം ഉദ്യോഗാര്‍ത്ഥികള്‍ പ്രതീക്ഷിച്ചിരുന്നു എന്നാല്‍ മന്ത്രിസഭ ഇവരുടെ ആവശ്യം പരിഗണിച്ചില്ല. സിപിഒ റാങ്ക് ലിസ്‌റ്റ് കാലാവധി നീട്ടണമെന്ന ആവശ്യം സര്‍ക്കാര്‍ തള‌ളി. കൂടുതല്‍ തസ്‌തിക സൃഷ്‌ടിക്കണമെന്ന ലാസ്‌റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യവും തള‌ളി. ടൂറിസം വകുപ്പ് ഉള്‍പ്പടെ വിവിധ വകുപ്പുകളില്‍ 10 വര്‍ഷത്തോളമായി ജോലിനോക്കുന്ന താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *