ബസ് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞു; 37 മരണം

ഭോപ്പാല്‍: മദ്ധ്യപ്രദേശിലെ സിദ്ധിയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 37 പേര്‍ മരിച്ചു. സിദ്ധിയില്‍ നിന്ന് സത്‌നയിലേക്ക് പോവുകയായിരുന്ന ബസാണ് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞത്. അപകടത്തില്‍പ്പെട്ട ഏഴ് പേര്‍ കരയിലേക്ക് നീന്തി രക്ഷപ്പെട്ടു. മറ്റുളളവര്‍ക്കായുളള തിരച്ചില്‍ തുടരുകയാണ്.

സംസ്ഥാന ദുരന്ത നിവാരണ സേനയും നീന്തല്‍ വിദഗ്ദ്ധരും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കനാലില്‍ ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസം നേരിടുന്നുണ്ട്. ട്രാഫിക് തടസം ഒഴിവാക്കാന്‍ കുറുക്കു വഴിക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തെ തുടര്‍ന്ന് ബാണ്‍സാഗര്‍ അണക്കെട്ടില്‍ നിന്ന് വെളളം തുറന്നുവിടരുതെന്ന് മുഖ്യമന്ത്രി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബാണ്‍സാഗര്‍ കനാലിലെ ജലനിരപ്പ് കുറയ്‌ക്കുന്നതിനായി സിഹാവല്‍ കനാലിലെ വെളളം തുറന്നുവിട്ടിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്താന്‍ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ജില്ലാ കളക്‌ട‌ര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്‌ടപ്പെട്ടതാണ് അപകട കാരണമെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. കനാലിലേക്ക് വീണ ബസ് പൂര്‍ണമായി മുങ്ങിപ്പോയതായും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *