ഗുലാംനബി ആസാദ് രാഷ്ട്രീയത്തിനും അധികാരത്തിനും മുകളിലുള്ളയാള്‍: പ്രധാനമന്ത്രി

ന്യുഡല്‍ഹി: രാജ്യസഭായില്‍ കോണ്‍ഗ്രസ് കക്ഷി നേതാവ് ഗുലാം നബി ആസാദിന് നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. പ്രസംഗത്തിനിടെ കണ്ണുകള്‍ നിറഞ്ഞ്, കണ്ഠമിടറിയാണ് മോഡി സംസാരിച്ചത്. ഗുലാം നബി ആദരണീയനായ വ്യക്തിയാണ്. രാഷ്ട്രീയത്തിനും അധികാരത്തിനും മുകളിലാണ് അദ്ദേഹത്തിന്റെ സ്ഥാനമെന്നും മോഡി പറഞ്ഞു.

താന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ അന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന ഗുലാം നബി ആസാദുമായി ബന്ധം ചൂണ്ടിക്കാട്ടുമ്ബോഴായിരുന്നു മോഡിയുടെ തൊണ്ടയിടറിയത്. ജമ്മു കശ്മീരില്‍ നടന്ന ഭീകരാക്രമണത്തിനിടെ ഗുജറാത്തില്‍ നിന്നുള്ള ഒരു കുടുംബം അവിടെ കുടുങ്ങിപ്പോയിരുന്നു. അന്ന് താന്‍ ഗുലാം നബി ആസാദിനെ താന്‍ വിളിച്ച്‌ സഹായം തേടിയപ്പോള്‍ അദ്ദേഹം നടത്തിയ വ്യക്തിപരമായ സഹായം ഓര്‍മ്മിച്ചെടുക്കുകയായിരുന്നു മോഡി.

കോവിഡ് കാലത്ത് രാജ്യത്ത് അസംതൃപ്തി ഉണ്ടായപ്പോള്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് നിര്‍ദേശം വച്ചത് ഗുലാം നബി ആസാദ് ആയിരുന്നു. പാര്‍ലമെന്റിലെ കക്ഷികളെ വിളിച്ച്‌ യോഗം നടത്താന്‍ താന്‍ തീരുമാനിച്ചപ്പോള്‍ രാജ്യത്തെ എല്ലാ കക്ഷിനേതാക്കളെയും വിളിക്കണമെന്നും സ്ഥിതിഗതികള്‍ രാജ്യത്തെ അറിയിക്കണമെന്നും ആസാദ് ആവശ്യപ്പെട്ടിരുന്നു.

രാഷ്ട്രീയ ഭിന്നതകള്‍ക്കിടയില്‍ എങ്ങനെ ഈ സൗഹൃദം സൂക്ഷിക്കാന്‍ കഴിഞ്ഞിരുന്നുവെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തങ്ങള്‍ ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്നായിരുന്നു അദ്ദേഹം മറുപടി നല്‍കിയിരുന്നത്. കശ്മീരിലെ പ്രശ്‌നങ്ങള്‍ തന്നെ അറിയിക്കുകയും അതില്‍ പരിഹാരത്തിന് ഇടപെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഗുലാം നബിക്ക് പകരം വരുന്ന പ്രതിപക്ഷ നേതാവിന് അദ്ദേഹത്തിനൊപ്പം ഉയരാന്‍ ഏറെ പരിശ്രമിക്കേണ്ടിവരും. കാരണം ആസാദിന് തന്റെ പാര്‍ട്ടിയെ കുറിച്ച്‌ മാത്രമല്ല, രാഷ്ട്രത്തെ കുറിച്ചും പാര്‍ലമെന്റിനെ കുറിച്ചും ചിന്തകളുണ്ടായിരുന്നുവെന്നും മോഡി പറഞ്ഞു.

ഗുലാം നബി ആസാദ് അടക്കം നാല് അംഗങ്ങളാണ് രാജ്യസഭയില്‍ നിന്ന് ഇന്ന് വിരമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *