സംസ്ഥാനത്തെ പുതുക്കിയ മദ്യവില നാളെ പ്രാബല്യത്തിലാവും

തിരുവനന്തപുരം∙ സംസ്ഥാനത്തെ പുതുക്കിയ മദ്യവില നാളെ പ്രാബല്യത്തില്‍. അടിസ്ഥാന വിലയില്‍ ഏഴു ശതമാനം വര്‍ധന വരുത്തിയതോടെ പത്തു രൂപ മുതല്‍ 90 രൂപ വരെയാകും വര്‍ധിക്കുക. ഒന്നാം തീയതിയിലെ ഡ്രൈ ഡേ മാറ്റണമോയെന്ന കാര്യത്തിലും സര്‍ക്കാര്‍ തീരുമാനം ഉടനുണ്ടാകും. മദ്യകമ്ബനികളുടെ ഏറെ നാളത്തെ ആവശ്യത്തിനൊടുവിലാണ് ഏഴു ശതമാനം വര്‍ധന വരുത്താനുള്ള സര്‍ക്കാര്‍ തീരുമാനം.

ഓള്‍ഡ് പോര്‍ട് റം അഥവാ ഒപിആറിന്‍റെ 660 രൂപ വിലയുള്ള ഒരു ലീറ്റര്‍ മദ്യത്തിന് ഇനി മുതല്‍ 710 രൂപ നല്‍കേണ്ടി വരും. 560 രൂപയായിരുന്ന ജവാന് 600 രൂപയും നല്‍കണം. എംഎച്ച്‌ ബ്രാന്‍ഡിയ്ക്ക് 950 ല്‍ നിന്നും 1020 ആയും ഓള്‍ഡ് മങ്ക് ലെജന്‍ഡിനു 2020 ല്‍ നിന്നും 2110 ആയും വില വര്‍ധിക്കും. ഇതുപോലെ മദ്യത്തിന്‍റെ ഇനമനുസരിച്ച്‌ പത്തു രൂപ മുതല്‍ 90 രൂപ വരെയാണ് വര്‍ധന. നേരത്തെ കോവിഡ് സെസ് ഏര്‍പ്പെടുത്തിയപ്പോഴായിരുന്നു മദ്യത്തിന്‍റെ വിലവര്‍ധിച്ചത്.

പ്ലാസ്റ്റിക് കുപ്പിയില്‍ നിന്നും ഘട്ടം ഘട്ടമായി ചില്ലു കുപ്പിയിലേക്ക് മാറുന്നതിന്‍റെ ഭാഗമായി 750 മില്ലി ലിറ്റര്‍ മദ്യം ഇനി ചില്ലുകുപ്പിയിലായിരിക്കും ലഭിക്കുക. മാത്രമല്ല ഒന്നര ലീറ്ററിന്‍റെയും രണ്ടര ലീറ്ററിന്‍റെയും മദ്യവും ഔട്‌ലെറ്റുകളിലെത്തും. ഫെബ്രുവരി ഒന്നുമുതലാണ് വില വര്‍ധന പ്രാബല്യത്തില്‍ വരുന്നതെങ്കിലും ഒന്നാം തീയതി ഡ്രൈ ആയതിനാല്‍ ചൊവ്വാഴ്ച മുതലാകും പ്രാബല്യത്തില്‍ വരിക.

Leave a Reply

Your email address will not be published. Required fields are marked *