അതിര്‍ത്തി പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് താല്‍ക്കാലികമായി നിര്‍ത്തി

ന്യൂഡല്‍ഹി : പൊതു സുരക്ഷ നിലനിര്‍ത്തുന്നതിനും പൊതു അടിയന്തരാവസ്ഥ ഒഴിവാക്കുന്നതിനുമായി ജനുവരി 31 രാത്രി 11 മണി വരെ സിംഗു, ഗാസിപൂര്‍, തിക്രി എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് കേന്ദ്രം താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. ഒരാഴ്ചയ്ക്കുള്ളില്‍ നടക്കുന്ന രണ്ടാമത്തെ വിലക്കാണിത്‌.

കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ച്‌ അതിന്റെ റൂട്ടുകളില്‍ നിന്ന് വ്യതിചലിച്ച്‌ തലസ്ഥാനത്തേക്ക് പ്രവേശിച്ചതിന് തൊട്ടുപിന്നാലെ ജനുവരി 26 ന് ആദ്യത്തെ വിലക്ക് ഏര്‍പ്പെടുത്തി. പഞ്ചാബിലെയും ഹരിയാനയിലെയും നിരവധി പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചു.

‘ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചാല്‍ സമരം തടയാന്‍ കഴിയുമെന്ന് ഭരണകൂടം കരുതുന്നുണ്ടെങ്കില്‍ അവ തികച്ചും തെറ്റിദ്ധാരണമാത്രമാണ്‌. കര്‍ഷകരെ അടിച്ചമര്‍ത്താന്‍ ഭരണകൂടം എത്രശ്രമിച്ചാലും പ്രതിഷേധം ശക്തമായി തന്നെ തുടരുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവ് രാകേഷ് ടിക്കൈറ്റ് പറഞ്ഞു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ലക്ഷക്കണക്കിന് കര്‍ഷകര്‍ ആഴ്ച്ചകളായി ഇവിടങ്ങളില്‍ സമരത്തിലാണ്. റിപ്പബ്ലിക്ക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ കിസാന്‍ പരേഡ് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.

പ്രക്ഷോഭകര്‍ക്കു നേരെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ലാത്തിവീശുകയും ചെയ്തു. ഒരു കര്‍ഷകന്‍ മരിക്കുകയും പൊലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *