കസ്റ്റംസിനെതിരെ പരസ്യവിമര്‍ശനവുമായി സെക്രട്ടറിയേറ്റിലെ സി പി എം അനുകൂല സംഘടന

തിരുവനന്തപുരം: കസ്റ്റംസിനെതിരെ പരസ്യവിമര്‍ശനവുമായി സെക്രട്ടറിയേറ്റിലെ സി പി എം അനുകൂല സംഘടന രംഗത്ത്. സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനാണ് വിമര്‍ശനവുമായി രംഗത്തു വന്നത്. ‘തരമറിഞ്ഞ് കളിക്കണം കൂട്ടിലടച്ച കസ്റ്റംസ്’ എന്ന തലക്കെട്ടിലാണ് വിമര്‍ശനം.

കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ ലാലുവിനെ പേരെടുത്ത് പറഞ്ഞാണ് വിമര്‍ശനം. അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ ഹരികൃഷ്‌ണനെ കസ്റ്റംസ് ഭീഷണിപ്പെടുത്തിയെന്നും വിമര്‍ശനമുണ്ട്. സര്‍ക്കാരിനെ മോശമാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി സെക്രട്ടറിയേറ്റിലെ ജീവനക്കാരെ മോശക്കാരായി ചിത്രീകരിക്കാനാണ് ശ്രമമെങ്കില്‍ അതിനെ പരസ്യമായിത്തന്നെ നേരിടുമെന്ന മുന്നറിയിപ്പും സംഘടന നല്‍കിയിട്ടുണ്ട്.

സ്വര്‍ണക്കടത്ത് കേസില്‍ മൊഴി നല്‍കാന്‍ എത്തിയപ്പോള്‍ അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫീസറെ കസ്റ്റംസ് മര്‍ദ്ദിച്ചതായും സംഘടന പരാതിപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘടന ഡി ജി പിക്കും ചീഫ് സെക്രട്ടറിക്കും പരാതി നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *