മൊബൈല്‍ ആപ് വഴി വായ്പ തട്ടിപ്പ് : ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം: മൊബൈല്‍ ആപ് വഴി വായ്പ നല്‍കി തട്ടിപ്പ് നടത്തുന്ന സംഘങ്ങളെക്കുറിച്ച്‌ ക്രൈംബ്രാഞ്ച് അന്വേഷിക്കും. അന്വേഷണത്തിന് ഡി.ജി.പിയാണ് നിര്‍ദേശം നല്‍കിയത്.

മൊബൈല്‍ ആപ് വഴി വായ്പ എടുത്തവരില്‍ ചിലര്‍ അമിതപലിശ കാരണം പണം തിരിച്ചടയ്ക്കാനാവാതെ ആത്മഹത്യ ചെയ്ത സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഡി.ജി.പിയുടെ അടിയന്തിര ഇടപെടല്‍. സംഭവത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്താന്‍ ഡി.ജി.പി ക്രൈം ബ്രാഞ്ചിന് നിര്‍ദ്ദേശം നല്‍കി.

ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അന്വേഷണത്തില്‍ സഹായിക്കും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും സംഘത്തിലുണ്ട്. ഈ സാഹചര്യത്തില്‍ ഇന്റര്‍പോള്‍, സിബിഐ എന്നിവയുടേയും തെലുങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പോലീസിന്റെയും സഹായം തേടും. തട്ടിപ്പിന് പിന്നില്‍ വിദേശികള്‍ ഉള്‍പ്പെടെയുള്ള സംഘമെന്നാണ് വിലയിരുത്തല്‍.

മൊബൈല്‍ ആപ് വഴി വായ്പ എടുക്കുന്നത് ഒഴിവാക്കണമെന്ന് ഡി.ജി.പി ലോകനാഥ് ബെഹ്റ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *