മാരക രാസലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയില്‍

കൊച്ചി: നഗരത്തില്‍ വില്‍പനക്കായി കൊണ്ടുവന്ന 2.2 ഗ്രാം എം.ഡി.എം.എയുമായിയുമായി യുവാക്കള്‍ പിടിയില്‍. ഇടപ്പള്ളി എയിംസില്‍ ചക്കുംകല്‍ വീട്ടില്‍ ഷാരോണ്‍ (24), പോണേക്കര കൂടാനപ്പറമ്ബ് റോഡ് കവലക്കല്‍ വീട്ടില്‍ ജോണ്‍ ജോസഫ് (25) എന്നിവരാണ് പിടിയിലായത്.പാലാരിവട്ടം ഒബ്റോണ്‍മാള്‍ പരിസരത്തു വച്ച്‌ വില്‍പനയ്ക്ക് ശ്രമിക്കുന്നതിനിടെയാണ് ഇവരെ പൊലീസ് പിടികൂടിയത്. പ്രതികള്‍ ബാംഗ്ലൂരില്‍ നിന്നും ഇടനിലക്കാര്‍ വഴി കുറഞ്ഞ വിലയ്ക്ക് ലഹരി വസ്തുക്കള്‍ വാങ്ങി ഉയര്‍ന്ന വിലയ്ക്ക് പാലാരിവട്ടം, വൈറ്റില ഭാഗങ്ങളിലുള്ള യുവാക്കള്‍ക്ക് വില്‍പ്പന നടത്തി ആര്‍ഭാട ജീവിതം നയിച്ചു വരികയായിരുന്നു.

അമിത ഉപയോഗം മരണത്തിനു വരെ കാരണമായേക്കാവുന്ന ഈ മയക്കുമരുന്ന് യുവാക്കള്‍ക്കിടയില്‍ ‘എം’ എന്ന അപരനാമത്തിലാണ് അറിയപ്പെടുന്നത്. റേവ് പാര്‍ട്ടികള്‍ക്കും മറ്റും ഉപയോഗിച്ചു വരുന്ന ഈ രാസലഹരി മെട്രോ നഗരങ്ങളിലായിരുന്നു കൂടുതലായി കണ്ടുവന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ കൊച്ചി പോലുള്ള കേരളത്തിലെ നഗരങ്ങളിലും യുവാക്കള്‍ക്കിടയില്‍ ഇത് ഹരമായി മാറിക്കൊണ്ടിരിക്കുകയാണ്.

കൊച്ചി സിറ്റി കമ്മീഷണര്‍ നാഗരാജുവിന് ലഭിച്ച രഹസ്യവിവരത്തെതുടര്‍ന്നായിരുന്നു അറസ്റ്റ്. യുവാക്കളുടെയും, വിദ്യാര്‍ഥികളുടെയും ഭാവി തകര്‍ക്കുന്ന ഇത്തരം മാഫിയകളെക്കുറിച്ച്‌ വിവരം ലഭിച്ചാല്‍ 9995966666 എന്ന നമ്ബറില്‍ വാട്സ് ആപ്പ് ഫോര്‍മാറ്റിലുള്ള ‘യോദ്ധാവ്’ ആപ്പിലേയ്ക്ക് വീഡിയോ ആയോ, ഓഡിയോ ആയോ വിവരങ്ങള്‍ അയക്കാവുന്നതാണ്.

പ്രസ്തുത വിവരം നല്‍കിയത് ആരാണെന്ന് ഇതില്‍ അറിയാന്‍ സാധിക്കില്ല, കൂടാതെ 9497980430 എന്ന നമ്ബറിലും വിവരങ്ങള്‍ അറിയിക്കാം. വിവരം അറിയിക്കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും കമ്മീഷണര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *