പോലീസില്‍ സാമൂഹിക പ്രസക്തമായ പദ്ധതികള്‍ കൈകാര്യം ചെയ്യാന്‍ പുതിയ ഡിവിഷന്‍

തിരുവനന്തപുരം: സംസ്ഥാന പൊലീസിന്റെ സാമൂഹിക പ്രസക്തമായ പദ്ധതികളെ മാത്രം കൈകാര്യം ചെയ്യുന്നതിനായി പുതിയ ഡിവിഷന്‍ രൂപീകരിച്ച്‌ പൊലീസ്.

പൊലീസിന്റെ സാമൂഹിക പ്രധാന്യമുള്ള എല്ലാ പദ്ധതികളുടെയും മേല്‍നോട്ടവും ഏകോപനവും നിര്‍വഹിക്കുന്നതും മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതും ‘സോഷ്യല്‍ പൊലീസിംഗ് ഡയറക്ടറേറ്റ്’ എന്ന് പേരിട്ടിരിക്കുന്ന ഡിവിഷനാണ്. സംസ്ഥാന പൊലീസിന്റെ ആസ്ഥാനം കേന്ദ്രീകരിച്ചാണ് ഈ ഡിവിഷന്‍ രൂപീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും വ്യക്തിഗത ഡിവിഷനുകളുമുണ്ടാകും.

എന്‍ജിഒകളുമായും മറ്റ് സംഘടനകളുമായും സംയുക്തസംരഭങ്ങള്‍ നടത്തുന്ന പൊലീസ് പുതിയ ഡിവിഷനിലൂടെയാണ് സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിക്കുന്നത്. എന്നാല്‍ പൊലീസ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വിവിധ പരിപാടികള്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് ലഭിക്കുന്നതിന് സ്‌പോണ്‍സര്‍ഷിപ്പ് വ്യവസ്ഥകള്‍ പരിശോധിച്ച്‌ സംസ്ഥാന പൊലീസ് മേധാവി മുന്‍കൂട്ടി അംഗീകാരം നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യൂണിസെഫ് അല്ലെങ്കില്‍ മറ്റ് യുഎന്‍ സംഘടനകളുള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികളുമായി പങ്കാളിത്തമുണ്ടാക്കുന്നതിനും സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം.

ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ താത്പര്യങ്ങള്‍ക്ക് ഇടയാക്കാതെ പൊലീസിന്റെ എല്ലാ സാമൂഹിക പദ്ധതികളും ഒരൊറ്റ കുടക്കീഴില്‍ ഏകീകരിക്കുകയും അതുവഴി പദ്ധതി നടപ്പിലാക്കുകയുമാണ് ലക്ഷ്യമിടുന്നതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഇത്തരത്തിലുള്ള എല്ലാ സ്‌കീമുകള്‍ക്കുമായി തങ്ങള്‍ ഒരു സാധാരണ ഓപ്പറേറ്റിംഗ് നടപടിക്രമം തയ്യാറാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ ഡിവിഷന്റെ ഡയറക്ടറായി ഐ.ജി. പി. വിജയനെ നിയമിച്ചിട്ടുണ്ട്. കൊച്ചിയിലേക്ക് ഐ.ജി (കോസ്റ്റല്‍ പൊലീസ്) ആയി അദ്ദേഹത്തെ ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ടെങ്കിലും ഡിവിഷന്റെ ചുമതലയില്‍ പി. വിജയന്‍ തുടരും.

കമ്മ്യൂണിറ്റി പൊലീസ് സംരഭങ്ങളുടെ തുടക്കമായ ജനമൈത്രി പൊലീസ് എന്ന ആശയത്തിലൂടെ പൊലീസും പൊതുജനങ്ങളും തമ്മിലുള്ള അന്തരം കുറയ്ക്കാന്‍ സാധിച്ചിരുന്നു. ഇത്തരത്തില്‍ നിരവധി ആശയങ്ങള്‍ നടപ്പിലാക്കാനാണ് പൊലീസ് ലക്ഷ്യമിടുന്നത്.

2008 മാര്‍ച്ചില്‍ തിരഞ്ഞെടുത്ത 20 പൊലീസ് സ്റ്റേഷനുകളില്‍ ആരംഭിച്ച ജനമൈത്രി സുരക്ഷ പദ്ധതി നിലവില്‍ സംസ്ഥാനത്തെ 481 പൊലീസ് സ്റ്റേഷനുകളിലും നടപ്പാക്കിയിട്ടുണ്ട്. കോസ്റ്റല്‍ വിജിലന്‍സ് കമ്മിറ്റികള്‍, റോഡ് സുരക്ഷാ പരിപാടികള്‍, മുതിര്‍ന്ന പൗരന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള പദ്ധതികള്‍ തുടങ്ങിയവ പൊലീസ് നടപ്പാക്കുന്നുണ്ട്.

ജനമൈത്രി പദ്ധതിയുടെ വിജയത്തോടെ പുതിയ പരിപാടികളുമായി നിരവധി സന്നദ്ധ സംഘടനകള്‍ പൊലീസിനെ സമീപിക്കുന്നുണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ കമ്മ്യൂണിറ്റി പൊലീസിംഗ് സോഷ്യല്‍ പൊലീസിംഗ് ഡിവിഷനുമായി ലയിക്കുമെന്ന് ഡിജിപി വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *