കാര്‍ഷിക നിയമങ്ങള്‍ ഒന്നോ രണ്ടോ വര്‍ഷത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി നോക്കാമെന്ന നിര്‍ദേശവുമായി രാജ്നാഥ് സിങ്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് പുതിയ കാര്‍ഷിക നിയമങ്ങള്‍ ഒന്നോ രണ്ടോ വര്‍ഷത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി നോക്കാമെന്ന നിര്‍ദേശവുമായി കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. അവ കാര്‍ഷിക സമൂഹത്തിന് പ്രയോജനകരമല്ലെന്ന് കണ്ടെത്തിയാല്‍ സര്‍ക്കാര്‍ ആവശ്യമായ എല്ലാ ഭേദഗതികളും ചെയ്യുമെന്നും രാജ്‌നാഥ് കര്‍ഷകരോട് പറഞ്ഞു. കര്‍ഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍, ഡല്‍ഹിയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാജ്നാഥ് സിങ്.

”ഒന്നോ രണ്ടോ വര്‍ഷത്തേക്ക് ഈ നിയമം നടപ്പിലാക്കാന്‍ അനുവദിക്കുക… അവ പരീക്ഷിക്കുക, ഇവ കര്‍ഷകരുടെ താല്‍പ്പര്യത്തിനനുകൂലമല്ലെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ എല്ലാ ഭേദഗതികളും ഞങ്ങള്‍ ചെയ്യുമെന്ന് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉദ്ദേശ്യം അറിയാവുന്നതിനാല്‍ ഞാന്‍ പറയുന്നു,” സിങ് പറഞ്ഞു.

താന്‍ ഒരു കര്‍ഷകന്റെ മകനാണെന്നും മോദി സര്‍ക്കാര്‍ കര്‍ഷകരുടെ താല്‍പ്പര്യത്തിന് നിരക്കാത്ത ഒന്നും ചെയ്യില്ലെന്നും ദ്വാരകയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് രാജ്നാഥ് സിങ് പറഞ്ഞു. ധര്‍ണകളില്‍ പങ്കെടുക്കുന്ന എല്ലാ കര്‍ഷകരും കര്‍ഷക കുടുംബങ്ങളില്‍ ജനിച്ചവരാണ്. അവരോട് വളരെയധികം ബഹുമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പ്രശ്നങ്ങളും ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ സാധിക്കുമെന്ന് പറഞ്ഞ രാജ്നാഥ് സിങ്, കര്‍ഷകരുമായി ചര്‍ച്ച തുടരാന്‍ പ്രധാനമന്ത്രി ആഗ്രഹിക്കുന്നുവെന്നും അതിനാലാണ് സര്‍ക്കാര്‍ അവരെ ക്ഷണിച്ചതെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരുടെ താല്‍പര്യത്തിനായി സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താങ്ങുവിലയെ കുറിച്ചുള്ള തെറ്റിധാരണകളെല്ലാം അവസാനിക്കുമെന്നും രാജ്നാഥ് പറഞ്ഞു. പ്രധാനമന്ത്രി അത് ഉറപ്പു നല്‍കി കഴിഞ്ഞുവെന്നും ഇപ്പോള്‍ താനും താങ്ങുവില ഇല്ലാതാക്കില്ല എന്ന് ഉറപ്പ് നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *