ശബരിമല ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാനും തീരുമാനമെടുക്കാനും സര്‍ക്കാരിന് അധികാരമില്ലെന്നു ഹൈക്കോടതി

കൊച്ചി: ശബരിമല ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാനും തീരുമാനമെടുക്കാനും സര്‍ക്കാരിന് അധികാരമില്ലെന്നും ഹൈക്കോടതി. ശബരിമലയില്‍ അക്രമം നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കുണ്ടോ എന്ന് ചോദിച്ച കോടതി, മാദ്ധ്യമപ്രവര്‍ത്തകരെയോ വിശ്വാസികളെയോ തടയരുതെന്നും സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

ക്രമസമാധാനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സര്‍ക്കാര്‍ പരിഗണിക്കേണ്ടത്. ക്ഷേത്ര നടത്തിപ്പില്‍ സര്‍ക്കാരിന് ഇടപെടാനാവില്ല. ദേവസ്വം ബോര്‍ഡിനോട് ആജ്ഞാപിക്കാന്‍ സര്‍ക്കാരിന് അധികാരമില്ല എന്നും ഹൈക്കോടതി പറഞ്ഞു. സര്‍ക്കാര്‍ ശബരിമലയില്‍ അനാവശ്യ നിയന്ത്രണം ഏര്‍പെടുത്തുന്നതിനെതിരായ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം.

ശബരിമലയില്‍ വാഹനങ്ങള്‍ തകര്‍ത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ഹൈക്കോടതി പറഞ്ഞു. വാഹനങ്ങള്‍ എന്തു പ്രകോപനമാണ് സൃഷ്ടിച്ചത്. അക്രമത്തില്‍ പങ്കെടുത്തവരുടെ വീഡിയോ ദൃശ്യങ്ങള്‍ ശേഖരിച്ച് നടപടി എടുത്തതുപോലെ പൊലീസുകാരുടെ കാര്യത്തിലും വേണം എന്നും കോടതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *