സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് അന്തരിച്ചു

കൊച്ചി: സിനിമാ സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് അന്തരിച്ചു. അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ ഉള്ള യുവ സംവിധായകന്‍ ഷാനവാസ് നരണിപ്പുഴയെ കോയമ്ബത്തൂരില്‍ നിന്നും കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോയമ്ബത്തൂരില്‍ നിന്നുള്ള പ്രത്യേക ആംബുലന്‍സില്‍ കൊച്ചിയിലെത്തിയതിന് പിറകേയാണ് അദ്ദേഹത്തിന്റെ മരണം.

അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ എഴുത്ത് ജോലികളുമായി തിരക്കിലായിരുന്നു ഷാനവാസ്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡിസംബര്‍ 21നാണ് ഷാനവാസിനെ കോയമ്ബത്തൂര്‍ കെജി ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു.

ജയസൂര്യ നായകനായെത്തിയ ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ്. മലപ്പുറം ജില്ലയിലെ പൊന്നാനി, നരണിപ്പുഴ സ്വദേശിയായ ഷാനവാസ് സംവിധായകന്‍, തിരക്കഥാകൃത്ത് എന്നതിന് പുറമെ മികച്ച എഡിറ്റര്‍ കൂടിയായിരുന്നു.

2015ല്‍ ‘കരി’ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് ഷാനവാസ് സംവിധാന രംഗത്ത് എത്തുന്നത്. ഈ ചിത്രം ഏറെ നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഒട്ടനവധി ചലച്ചിത്രയോത്സവങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്‍കാരങ്ങള്‍ക്ക് അര്‍ഹമാവുകയും ചെയ്തു. കോവിഡ് പശ്ചാത്തലത്തില്‍ ഒടിടി റിലീസായെത്തിയ ആദ്യ മലയാള ചിത്രമായിരുന്നു ‘സൂഫിയും സുജാതയും’.

Leave a Reply

Your email address will not be published. Required fields are marked *