തദ്ദേശ തിരഞ്ഞെടുപ്പ്: പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ 21 ന്

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ ഡിസംബര്‍ 21 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍.

മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ അദ്ധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പ് ഡിസംബര്‍ 28 ന് രാവിലെ 11 മണിക്ക് നടക്കും. അതേ സമയം, ഉപാദ്ധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പ് അന്ന് തന്നെ ഉച്ചയ്ക്ക് രണ്ടിനാണ് നടക്കുക. ത്രിതല പഞ്ചായത്തുകളിലെ അദ്ധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പ് ഡിസംബര്‍ 30 ന് രാവിലെ 11 മണിയ്ക്കും ഉപാദ്ധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പ് അന്ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കും.

ത്രിതല പഞ്ചായത്തുകളിലും തിരഞ്ഞെടുപ്പിന്റെ നടത്തിപ്പ് ചുമതല വരണാധികാരികള്‍ക്കാണ്.

സത്യപ്രതിജ്ഞ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കമ്മീഷന്‍ പുറത്തുവിട്ടിട്ടുണ്ട്. കോര്‍പ്പറേഷനുകളില്‍ ആദ്യ അംഗത്തെ സത്യപ്രതിജ്ഞ / ദൃഢപ്രതിജ്ഞ ചെയ്യിക്കുക എന്നത് ജില്ലാ കളക്ടര്‍മാരുടെയും മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ അത് കമ്മീഷന്‍ നിയോഗിച്ചിട്ടുള്ള വരണാധികാരികളുടെയും ചുമതലയാണ്. ത്രിതല പഞ്ചായത്തുകളില്‍ അതാത് സ്ഥാപനങ്ങളിലെ വരണാധികാരികള്‍ക്കാണ് ചുമതല.

തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ ഏറ്റവും പ്രായം കൂടിയ അംഗം വരണാധികാരി മുമ്ബാകെ സത്യപ്രതിജ്ഞ ചെയ്യണം. ഈ അംഗമാണ് മറ്റ് അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങള്‍ക്കും പ്രതിജ്ഞ എടുക്കാന്‍ രേഖാമൂലം അറിയിപ്പ് നല്‍കും.

ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പല്‍ കൗണ്‍സിലുകള്‍ എന്നിവിടങ്ങളിലെ സത്യപ്രതിജ്ഞ നടപടികള്‍ രാവിലെ 10ന് ആരംഭിക്കും. കോര്‍പ്പറേഷനുകളില്‍ ഇത് 11.30 നാണ് ആരംഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *