യുഡിഎഫ് മണലൂര്‍ നിയോജക മണ്ഡലം ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ ഭിന്നത

പാവറട്ടി : യുഡിഎഫ് മണലൂര്‍ നിയോജക മണ്ഡലം ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ ഭിന്നത. ചെയര്‍മാനായി കേരള കോണ്‍ഗ്രസിന്റെ സെബാസ്റ്റ്യന്‍ ചൂണ്ടലിനെ നിയമിച്ചു ജില്ലാ ചെയര്‍മാന്‍ ജോസഫ് ചാലിശേരി കത്ത് നല്‍കിയതാണു വിവാദമായത്.

കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണു യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ ചൂണ്ടലിനെ നിയമിച്ചത്. ഈ കത്തുമായി സ്ഥാനം ഏറ്റെടുക്കാന്‍ പാവറട്ടിയില്‍ വിളിച്ചുചേര്‍ത്ത യുഡിഎഫ് യോഗത്തില്‍ എത്തിയ സെബാസ്റ്റ്യന്‍ ചൂണ്ടലിനു കേരള കോണ്‍ഗ്രസിലെ തര്‍ക്കത്തെ തുടര്‍ന്നു സ്ഥാനം ഏറ്റെടുക്കാനായില്ല.
സെബാസ്റ്റ്യന്‍ ചൂണ്ടലിനെ യുഡിഎഫ് ചെയര്‍മാനാക്കുന്നതു കേരള കോണ്‍ഗ്രസ് മണലൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാതെ എടുത്ത തീരുമാനമാണെന്നും അതിനാലാണ് ഒറ്റക്കെട്ടായി എതിര്‍ത്തതെന്നും കേരള കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് കെ.ജെ.ജയിംസ് പറഞ്ഞു. കാലങ്ങളായി മണലൂരില്‍ യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം കേരള കോണ്‍ഗ്രസിനാണ്. എ.എല്‍.സെബാസ്റ്റ്യന്റെ കാലം വരെ അദ്ദേഹമായിരുന്നു ചെയര്‍മാന്‍. പിന്നീടു മുതിര്‍ന്ന നേതാവ് എ.സി.ജോര്‍ജാണു കേരള കോണ്‍ഗ്രസ് യുഡിഎഫില്‍നിന്നു വിട്ടുനില്‍ക്കുന്നതു വരെ ഈ സ്ഥാനം വഹിച്ചത്.

കേരള കോണ്‍ഗ്രസ് യുഡിഎഫില്‍ തിരിച്ചെത്തിയപ്പോഴും ഈ സ്ഥാനം മാറിയിട്ടില്ലെന്നും മറ്റൊരാളെ നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചിട്ടില്ലെന്നുമാണു നേതൃത്വം പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *