ഫാമിലി പ്ലാസ്റ്റിക്‌സില്‍ അഗ്‌നിബാധയുണ്ടായ കെട്ടിടങ്ങള്‍ക്ക്‌ നിരോധന ഉത്തരവ്

തിരുവനന്തപുരം: മണ്‍വിള ഫാമിലി പ്ലാസ്റ്റിക്‌സില്‍ അഗ്‌നിബാധയുണ്ടായ കെട്ടിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കു ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പിന്റെ നിരോധന ഉത്തരവ്. ഫാക്ടറീസ് ആക്ടിലെ സെക്ഷന്‍ (40) രണ്ട് പ്രകാരമാണു നടപടി. ഇനി കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റേണ്ടി വരുമെന്നാണു സൂചന. സംഭവവുമായി ബന്ധപ്പെട്ടു സുരക്ഷാവീഴ്ചകള്‍ ചൂണ്ടിക്കാട്ടി വകുപ്പു ഡയറക്ടര്‍ ചീഫ് സെക്രട്ടറി ടോം ജോസിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അഗ്‌നിബാധയുണ്ടാകാത്ത സമീപത്തെ രണ്ടു യൂണിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഉടന്‍ അനുമതി ലഭിക്കുമോ എന്ന കാര്യത്തിലും വ്യക്തതയായിട്ടില്ല. വിശദ പരിശോധനയ്ക്കു ശേഷം തീരുമാനമുണ്ടാകുമെന്നാണു സൂചന.

ഫാക്ടറീസ് ചട്ടങ്ങളുടെ ലംഘനമുണ്ടായതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 29നുണ്ടായ തീപിടിത്തം വകുപ്പിനെ അറിയിക്കാത്തതു ഗുരുതര വീഴ്ചയായി ചൂണ്ടിക്കാട്ടുന്നു.അഗ്‌നിബാധയുമായി ബന്ധപ്പെട്ടു നിരീക്ഷണ, മുന്നറിയിപ്പ്, പ്രതിരോധ സംവിധാനങ്ങള്‍ കമ്പനിയിലില്ല. ആകെയുള്ളതു 34 അഗ്‌നിശമന ഉപകരണങ്ങളാണ്, മൂന്നു ദിവസം മുന്‍പുണ്ടായ തീപിടിത്തത്തില്‍ ഇതില്‍ പലതും ഉപയോഗിച്ചു തീര്‍ന്നിരുന്നു. തൊഴിലാളികള്‍ക്കു സുരക്ഷാ പരിശീലനമോ മാനുവലോ നല്‍കിയിരുന്നില്ല. എമര്‍ജന്‍സി എക്‌സിറ്റുകള്‍ പോലും നിശ്ചയിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *